സ്വാതന്ത്രാനന്തരം ഇന്ത്യ യൂണിയനിൽ ചേരാൻ തിരുവിതാംകൂർ മടിച്ചു നിന്ന കാലം. രാജഭരണത്തിൽ നിന്നു ജനായത്ത ഭരണത്തിലേക്ക് മാറാതെ തിരുവിതാംകൂർ സ്വതന്ത്രമായി നിൽക്കുന്നതിനെ കുറിച്ചു തിരുവിതാംകൂർ സ്റ്റേറ്റ് കോൺഗ്രസ് പ്രസിഡന്റ് പട്ടംതാണുപ്പിള്ളയുടെ മനസ്സറിയാനുള്ള ദൗത്യം ശ്രീ ചിത്തിരതിരുനാൾ മഹാരാജാവ് 1947ജൂലൈയിൽ ഏൽപിച്ചത് അഡ്വ. കെ അയ്യപ്പൻപിള്ളയെയായിരുന്നു. ഈ മാസം24ന് 102 പിറന്നാൾ ആഘോഷിക്കുന്ന അയ്യപ്പൻ പിള്ള ഓർമ പുസ്തകം തുറക്കുന്നു.
പട്ടവും സഹപ്രവർത്തകരും അന്ന് സതന്ത്രസമരത്തിൽ പങ്കെടുക്കുത്തു പൂജപ്പുര ജയിലിലായിരുന്നു. അമ്മാവനായ അഡ്വ. ആർ ഗോപാലപ്പിള്ളയ്‌ക്കൊപ്പം ജയിലിലെത്തിയ അയ്യപ്പൻ പിള്ളയോടു പട്ടം തുറന്നടിച്ചു: "സി പി രാമസ്വാമി സ്റ്റേറ്റ് കോൺഗ്രസിനെ വിശ്വാസത്തിലെടുത്തിരുന്നെങ്കിലും പ്രതിരോധം, വിദേശകാര്യം, വാർത്താവിനിമയം ഒഴികെയുള്ള സ്വതന്ത്ര നിലപാടിനെ അംഗീകരിക്കുമായിരുന്നു.പക്ഷേ ഇപ്പോൾ എറെ വൈകിപ്പോയി. ഇനി ഇന്ത്യൻ യൂണിയനിൽ ചേരുക തന്നെ വേണം. തിരുവിതാംകൂറിലെ ജനങ്ങൾ ആഗ്രഹിക്കുന്നത് അതാണ്....."
ഇക്കാര്യം സഹപ്രവർത്തകരോട് പറയരുതെന്ന് അയ്യപ്പൻപ്പിള്ള അഭ്യർത്തിച്ചപ്പോൾ പട്ടം കൂട്ടിച്ചേർത്തു:പി. എസ് നടരാജ പിള്ളയോട് മാത്രം പറയും(സ്വതന്ത്രസമരസേനാനിയും പിന്നീട് പട്ടം മന്ത്രിസഭയിൽ അംഗമായി). അയ്യപ്പൻപിള്ള കൊട്ടാരത്തിലേക്ക് വിവരം കൈമാറി ജൂലൈ 28ന് ശ്രീ ചിത്തിര തിരുനാൾ കമ്പിസന്ദേശത്തിലൂടെ 1947 ജൂലായ് 28ന് തിരുവിതാംകൂർ ലയന തീരുമാനം ഡൽഹിയെ അറിയിച്ചു. ഒപ്പ് വെച്ച കത്ത് വൈസ്രോയി മൗണ്ട് ബാറ്റൺ പ്രഭുവിന് അയക്കുകയും ചെയ്തു. അന്നു രാത്രിയിലാണ് സി. പി ക്ക് വെട്ടേറ്റത്
നിയമോപദേഷ്ടാവും ദിവാനും തിരുവിതാംകൂറിൽ 16 വർഷം(1931 - 1947) ഉരുക്കുമുഷ്ടിയായി നിന്ന സി.പി രാമസ്വാമി അയ്യർ സ്ഥാനമൊഴിഞ്ഞ് 1947 ഓഗസ്റ്റ്19ന് ഊറ്റിയിലേക്ക് പോയി.
ഇതിനിടെ അയ്യപ്പൻ പിള്ളയെ ശ്രീ ചിത്തിര തിരുന്നാൾ വീണ്ടുമൊരു ദൗത്യം കൂടിയേല്പിച്ചു. അധികാര കൈമാറ്റത്തിനു മുമ്പ് ഓഫീഷ്യറ്റിങ് ദിവാനായി ജി. പരമേശ്വരൻ പിള്ള, പി ജി എൻ ഉണ്ണിത്താൻ എന്നിവരിൽ ആരെ വേണമെന്നു പാട്ടെത്തിന്റെ അഭിപ്രായമറിയാനായിരുന്നു നിർദ്ദേശം. പി.എസ് നടരാജ പിള്ളയുമായി ആലോചിച്ച് ഉണ്ണിത്താന്റെ പേര് പട്ടം നിർദ്ദേശിക്കുകയും ചെയ്തു. ഉണ്ണിത്താൻ സ്ഥാനമേറ്റു.
ഇടക്കാല മന്ത്രിസഭ രൂപീകരിക്കുന്നതിനു കവടിയാർ കൊട്ടാരത്തിൽ ആലോചന തുടങ്ങി. സ്റ്റേറ്റ് കോൺഗ്രസിലെ മൂന്ന് നേതാക്കളുടെ പേര് കൊട്ടാരം മുന്നോട്ട് വെച്ചു പട്ടത്തിന്റെ അഭിപ്രായമാറിയാൻ അയ്യപ്പൻ പിള്ളക്ക് കൊട്ടാരത്തിൽ നിന്ന് വിളിയെത്തി. അയ്യപ്പൻ പിള്ള അത് ഇങ്ങനെ ഓർമിക്കുന്നു: "പട്ടം താണുപിള്ള, ടി.എം വർഗീസ്, സി കേശവൻ എന്നീ പേരുകളുമായി പാട്ടത്തിനു മുന്നിലെത്തി പട്ടവും ടി. എം വർഗീസും കൂടിയാലോചിച്ചപ്പോൾ സി കേശവനെ പ്രശസ്തമായ കോഴഞ്ചേരി പ്രസംഗത്തിന്റെ പേരിൽ രാജ്യദ്രോഹകുറ്റം ചുമത്തി ജയിലിലടച്ചത് പരിഗണിച്ചായിരുന്നു ഈ നിലപാട് പകരം, എസ് എൻ ഡി പി യോഗം പ്രസിഡന്റും റിട്ട. ജില്ല ജഡ്ജിയുമായ എം ഗോവിന്ദന്റെ പേര് അവർ മുന്നോട്ട് വെച്ചു പി.എസ് നടരാജെപിള്ള മൂന്ന് പേരുകളും എഴുതി നൽകി. കത്ത് കണ്ടയുടൻ മഹാറാണി ചോദിച്ചു: സി കേശവന്റെ പേര് എന്തേ ഒഴിവാക്കി? പട്ടവും ടി എം വർഗീസും സി കേശവാനുമല്ലേ കോൺഗ്രസിലെ ഏറ്റവും മുൻനിരനേതാക്കളെന്നും റാണി ചോദിച്ചു. കോഴഞ്ചേരി പ്രസംഗത്തിന്റെ കാര്യം പറഞ്ഞപ്പോൾ, അതു പഴയകാര്യമാണെന്നും അവഗണിക്കണമെന്നും റാണി നിർദേശിച്ചു. റാണി തന്നെ ഗോവിന്ദന്റെ പേര് വെട്ടി സി. കേശവന്റെ പേര് എഴുതിച്ചേർത്തു. വീണ്ടും ലിസ്റ്റ് പട്ടത്തിനു കൈമാറി. എന്നാൽ ഗോവിന്ദനെ ഉൾപ്പെടുത്താൻ കൊട്ടാരത്തിൽ നിന്നു നിർദ്ദേശം വന്നു ".
പട്ടത്തിന്റെ അധ്യക്ഷതയിൽ നിയമസഭാ അസംബ്ലി മണ്ഡലങ്ങൾ നിർണ്ണയിക്കാൻ റിഫോംസ് കമ്മീഷൻ രൂപീകരിച്ചെങ്കിലും ഇക്കാര്യത്തിൽ ശുപാർശകൾ നൽകാൻ പി.എസ് നടരാജപിള്ള, കളത്തിൽ വേലായുധൻ നായർ, അയ്യപ്പൻ പിള്ള എന്നിവരെ ചട്ടം ചുമതലപ്പെടുത്തി. ഇതു പിന്നീട് കമ്മീഷൻ പരിഗണിക്കുകയും ചെയ്തു. എന്നാൽ എ. നേശമാണിയുടെ നേതൃത്വത്തിൽ തെക്കൻ തിരുവിതാംകൂറിലെ തമിഴരുടെ താല്പര്യം സംരക്ഷിക്കാനെന്നപേരിൽ നീക്കം തുടങ്ങിയതു തലവേദനയായി തിരുവിതാംകൂർ സ്റ്റേറ്റ് കോൺഗ്രസിന്റെ സ്വാധീനം തെക്കൻ താലൂക്കുകളിൽ തകർക്കാൻ സി പി ഇതിനു ചാരടുവലിച്ചതായി അന്നു സംസാരമുണ്ടായിരുന്നുവെന്നും അയ്യപ്പൻ പിള്ള ഓർമിക്കുന്നു.
തിരുവിതാംകൂർ നിയമസഭയിലേക്കുള്ള ആദ്യ തിരഞ്ഞെടുപ്പുകാലത്തെക്കുറിച്ച് പാർട്ടി നേതാക്കൾക്കിടയിൽ അണികളിലും വ്യാപകമായ പരാതികൾ ഉയർണവേളയിലാണു പട്ടത്തിന്റെ കോളിളക്കം സൃഷ്ടിച്ച പ്രഖ്യാപനം വന്നത് - സ്‌റ്റേറ്റ് കോൺഗ്രസ് ഏതു കുറ്റിച്ചൂലിനെ നിർത്തിയാലും വിജയിക്കും. ഇതിനിടെ പട്ടത്തിനെതിരെ പാർട്ടിയിൽ പടനീക്കമുണ്ടായി. അവരെ ഒതുക്കികൊണ്ടാണു പട്ടം സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചത്. ഇതിൽ സ്റ്റേറ്റ് കോൺഗ്രസ് നേതാക്കൾ അല്ലാത്തവരും സിപിക്കൊപ്പം നിന്ന് ആനുകൂല്യങ്ങൾ നേടിയവരുമൊക്കെയുണ്ടായിരുന്നു. തെക്കൻ തിരുവിതാംകൂറിൽ തമിഴ്‌നാട് കോൺഗ്രസ് സീറ്റുകൾ പിടിച്ചെങ്കിലും തിരഞ്ഞെടുപ്പിൽ തിരുവിതാംകൂർ സ്റ്റേറ്റ് കോൺഗ്രസ് ഭൂരിപക്ഷം നേടി.
നിയമസഭയുടെ ഉദ്ഘാടനം ഓഫീഷ്യേറ്റിംഗ് ദിവാൻ ഉണ്ണിത്താൻ നിർവഹിച്ചു. 1948 മാർച്ച് 24നു പട്ടം താണുപിള്ള പ്രധാനമന്ത്രിയാമായും ടി. എം വർഗീസ്, സി. കേശവൻ എന്നിവർ മന്ത്രിമാരായും ശ്രീ ചിത്തിര തിരുനാൾ ബാലരാമ വർമ മുമ്പാകെ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. രാജകീയ ഭരണത്തിനു പൂര്ണവിരാമം. ജനായത്ത ഭരണത്തിന്റെ തുടക്കവും"
"മന്ത്രിസഭ സ്ഥാനമേറ്റതിനു പിന്നാലെ പാർട്ടിയിലും നിയമാസഭാകക്ഷിയിലും തർക്കങ്ങൾ തുടങ്ങി. ഭിന്നത രൂക്ഷമാകുന്നതിനിടെ പി. എ. എസ് നടരാജ പിള്ള ,ജി. രാമചന്ദ്രൻ, എം.കെ. കോരൻ എന്നിവരെ ഉൾപ്പെടുത്തി മന്ത്രിസഭ വികസിപ്പിച്ചു. ടി.എം.വർഗീസിനോടും സി. കേശവനോടും ആലോചിക്കാതെയാണു പട്ടം തീരുമാനത്തതെന്നു പരാതി ഉയർന്നതോടെ ഭിന്നത രൂക്ഷമായി. പാർട്ടിയിലെ കലഹവും മൂപ്പിളമത്തർക്കവും മന്ത്രിസഭയിലെ ഭിന്നതയും മൂർച്ഛിച്ചതോടെ പട്ടത്തെ നീക്കാൻ കുമ്പലത്തു ശങ്കുപിള്ളയുടെ നേതൃത്വത്തിൽ ഒപ്പുശേഖരണം തുടങ്ങി. നിയമസഭയിൽ അവിശ്വാസ പ്രമേയത്തിനു നോട്ടീസ് വന്നപ്പോൾ രാജിനൽകാൻ ഞാനടക്കമുള്ള അടുത്ത സഹപ്രവർത്തകർ നിർദേശിക്കുകയായിരുന്നു.ഏഴുമാസം പിന്നിട്ട മന്ത്രിസഭ അങ്ങനെ നിലംപൊത്തി.
1948ഒക്ടോബർ 17നു പട്ടം താണുപിള്ള രാജി സമർപ്പിച്ചു. തുടർന്നു പറവൂർ ടി.കെ നാരായണൻ പിള്ള പ്രധാനമന്ത്രിയായി.1949 ജനുവരി തിരുകൊച്ചി സംസ്ഥാനമായപ്പോൾ അദ്ദേഹം ആദ്യ മുഖ്യമന്ത്രിയായി ടി.കെയുടെ മന്ത്രിസഭയിൽ അംഗമായ ആനി മസ്‌ക്രീൻ മറ്റൊരു മന്ത്രിയായ ജോൺ ഫിലിപ്പോസിന് എതിരെ അഴിമതി ആരോപണം ഉന്നയിച്ചു. ഫിലിപ്പോസിന് എതിരെ അഴിമതി ആരോപണം ഉന്നയിച്ചു. ഫിലിപ്പോസ് പക്ഷേ രാജിക്കു സന്നദ്ധനായില്ല. പനമ്പിള്ളി ഗോവിന്ദ മേനോന്റെ നേതൃത്വത്തിൽ ഇതോടെ കലാപം തുടങ്ങി. ടി. കെ മന്ത്രിസഭ രാജിനൽകി. തുടർന്ന് സി.കേശവൻമുഖ്യമന്ത്രിയായി ചുമതലയേറ്റു. അടുത്ത തിരഞ്ഞെടുപ്പിൽ എ.ജെ.ജോൺ, തിരുവിതാംകൂർ തമിഴ്നാട് കോൺഗ്രസ് പിന്തുണ പിൻവലിച്ചതോടെ 1954ൽ വീണ്ടും തിരഞ്ഞെടുപ്പു വന്നു. പ്രജാ സോഷ്യലിസ്റ്റ് പാർട്ടിയുടെ നേതാവായി മാറിയ പട്ടം താണുപിള്ള അങ്ങനെ വീണ്ടും മുഖ്യമന്ത്രിയായി. തെക്കൻ തിരുവിതാംകൂറിലെ പോലീസ് വെടിവെപ്പിന്റെ പേരിൽ വന്ന അവിശ്വാസ പ്രമേയം പാസായതോടെ പട്ടം രാജി നൽകി.
തുടർന്ന്1955നവംബർ ഒന്നിന് ഐക്യകേരളം രൂപംകൊണ്ടു. വൈകാതെ പനമ്പിള്ളി മന്ത്രസഭ വീണു.1957ൽ കേരളത്തിലെ ആദ്യ തെരഞ്ഞെടുപ്പിൽ ഇ.എം.എസ് നമ്പൂതിരിപ്പാടിന്റെ കമ്മ്യൂണിസ്റ്റ് മന്ത്രിസഭ അധികാരത്തിലേറി. പിന്നീടു മന്ത്രിസഭകൾ മാറിമാറി വന്നു ഇപ്പോഴിതാ പതിനാലാം നിയമാസഭയും പുതിയൊരു മന്ത്രിസഭയുടെ പിറവിയും "
അയ്യപ്പൻ പിള്ള വിശ്രമിക്കുന്നില്ല. 1948ൽ തിരുവിതാംകൂറിലെ ആദ്യ തിരഞ്ഞെടുപ്പിൽ സ്ഥാനർത്തിയാക്കാൻ പരിഗണിക്കപ്പെട്ട അയ്യപ്പൻപിള്ള തിരുവനന്തപുരം നഗരസഭ മുൻകൗൺസിലറാണ്. അറിയപ്പെടുന്ന അഭിഭാഷകനും. ബി.ജെ.പി മുൻ സംസ്ഥാന വൈസ്പ്രെസിഡന്റായ ഇദ്ദേഹം ബിജെപി ക്കായി പ്രചാരണത്തിനിറങ്ങുകയും ചെയ്തു.
(Source: malayalamanorama, Sunday may 22 .2016)