Saturday, October 1, 2016

നമ്മുടെ നാട്ടുക്കിളികൾ എങ്ങോട്ട് പോയി ?

മനുഷ്യജീവിതം സുഖകരമാക്കുന്നത് ഇതര ജീവജാലങ്ങളുടെ കൂടി സാമിപ്യമാണെന്ന സത്യം മനുഷ്യൻ പൊതുവേ മറന്നു പോകാറുണ്ട്. സുഖകരമായ ജീവിതത്തിന്റെ പശ്ചാത്തലമൊരുക്കുന്നതിൽ സദാ വ്യാപൃതരാകുമെന്നതിനാലാണ് മറ്റു ജീവജാലങ്ങൾ നമ്മുടെ നിലനിൽപ്പിനെ എത്രത്തോളം സ്വാധീനിക്കുന്നുവെന്ന കാര്യം മറക്കാൻ ഇടയാക്കുന്നത്. 'കാട്ടിൽ കടുവില്ലാതായാൽ നാട്ടിൽ ഉറവുണ്ടാകില്ല' എന്ന പഴമൊഴി മനുഷ്യന്റെ നിലനിൽപ്പ് മറ്റു ജീവജാലങ്ങളുമായി എങ്ങനെ ബന്ധപ്പെടുന്നുവെന്നതിനെ ചൂണ്ടിക്കാണിക്കുന്നു. ഭക്ഷ്യ ശ്രംഖലയും ഭക്ഷ്യ സുരക്ഷയും പരസ്പരം കാണികോർത്ത ഭൂമിയുടെ ഏതാറ്റത്തു ജീവിക്കുന്ന മനുഷ്യർക്കും ഈ വളയത്തിൽ നിന്ന് പുറത്തു ചാടാൻ കഴിയില്ലെന്നതാണ് പഴയ ഈ പഴമൊഴി പറയുന്നത്.



     
ജീവിവർഗങ്ങളിലേറെയും അധിവസിക്കുന്നത് നിത്യഹരിതവനങ്ങളിലാണ്. കരയുടെ 20 ശതമാനം ഭാഗത്തെ നിത്യഹരിത വനങ്ങൾ നേരത്തെ സമ്പന്നമാക്കിയിരുന്നു വെന്നെങ്കിൽ ഇന്നത് ഏഴ് ശതമാനത്തിൽ താഴെയായി ചുരുങ്ങി. അമ്പതിലധികം രാജ്യങ്ങളിലായി വ്യാപിച്ചു കിടക്കുന്ന വനങ്ങളിൽ നിന്ന് ഇതിനകം ഒരിക്കലും ഒരിടത്തും കാണാൻ കഴിയാത്ത വിധം അപ്രത്യക്ഷമായിരിക്കുന്നത് എണ്ണിയാലൊടുങ്ങാത്തത്ര ജീവജാലങ്ങളാണ്. ഇവയുടെ തിരോധാനം എങ്ങനെ നമ്മുടെ ജീവിതത്തെ ബാധിക്കുന്നുവെന്ന് നമ്മുക്ക് മനസ്സിലാക്കാൻ ചിലപ്പോൾ ഇനിയും സമയമെടുത്തെന്ന് വരാം. ഇനി നമ്മുടെ നാട്ടിലേക്ക് വന്നാൽ കൺമുന്നിൽ നിന്ന് മായക്കാഴ്ച്ച പോലെ മറയുന്ന ജീവവൈവിദ്യങ്ങളുടെ എണ്ണം ദിനേനയെന്നോണം കൂടുകയാണ്. കേരളത്തിൽ 205 നട്ടെല്ലുള്ള ജീവിവർഗ്ഗങ്ങൾ വംശനാശ ഭീഷണിയിലാണെന്നാണ് പഠനം. ഇവയിൽ 23 ഇനങ്ങൾ അതീവ വംശനാശഭീഷണി നേരിടുന്നെങ്കിൽ 90 ഇനം വംശനാശഭീഷണി നേരിടുന്നവയുമാണ്. മൊത്തം 1,847 നട്ടെല്ലുള്ള ജീവികളിൽ386 ഇനങ്ങളും (36 ശതമാനം) കേരളത്തിലും പശ്ചിമഘട്ടത്തിലും മാത്രം കാണുന്നവയാണെന്നത് അതീവ ഗൗരവമർഹിക്കുന്നവയാണ്. നേരത്തെയുള്ളതിൽ നിന്ന് കൂടുതലായി അടുത്തകാലത്തായി ചുവന്ന പട്ടികയിൽ കേരളമുൾപ്പെടുന്ന പശ്ചിമഘട്ടത്തിലെ നിരവധി ജീവിവർഗ്ഗങ്ങൾ ഉൾപ്പെട്ടതായാണ് ഇതു സംബന്ധിച്ച നിരീക്ഷണങ്ങൾ ചൂണ്ടിക്കാട്ടുന്നത്. സസ്തനികളുടെ വിഭാഗത്തിൽ തീർത്തും കാണാതായിരിക്കുന്ന ഉരഗജീവിയായി മലബാർ വെരുകിനെയാണ് ചേർത്തിട്ടുള്ളത്. കന്യാകുമാരി മുതൽ വടക്കൻ കർണ്ണാടകയിലെ ഹൊന്നവർ വരെയുള്ള പശ്ചിമഘട്ട പ്രദേശങ്ങളിൽ യഥേഷ്ടമുണ്ടായിരുന്ന ജീവിയായിരുന്നു മലബാർ വെരുക്‌. 1978 മുതലാണ് ഈ ജീവിവർഗം അപ്രത്യക്ഷമായതായി ഐ യു സി എൻ പ്രഖ്യാപിച്ചത്. എന്നാൽ, 1980ലും 90ലും സംസ്ഥാനത്ത് മലബാർ വെരുക്കിന്റെ സാന്നിധ്യം കണ്ടെത്തി. പക്ഷേ, കഴിഞ്ഞ 20 വർഷത്തിലധികമായി ഈ ജീവിയുടെ സാന്നിധ്യം ഇല്ലാതായി. മൂന്നടിയോളം നീളം വെക്കുന്ന ആറ് കിലോയോളം തൂക്കം വരുന്ന വെരുകിന് 20 വർഷത്തെ ആയുസ്സാണുള്ളത്.
വനഭൂമി കുറഞ്ഞതും വേട്ടയാടിയതുമാണ് ഇവയുടെ നാശത്തിന് കാരണമായത്. ആന, സിംഹവാലൻ കുരങ്ങ്, കാട്ടുചുണ്ടലി, കാട്ടുനച്ചെലി, നെല്ലെലി, ഈനാംപേച്ചി, കാട്ടുനായ, ചെന്നായ, മീൻപൂച്ച, കടുവ, വരയാട് തുടങ്ങിയവയെല്ലാം വംശനാശത്തിന്റെ വക്കിലാണെന്ന് സർക്കാർ പഠനം വ്യക്തമാക്കുന്നു. ചാമ്പൽ അണ്ണാൻ, യൂറേഷ്യൻ നീർനായ, പുള്ളിപ്പുലി തുടങ്ങിയവ ഉടൻ അപകടത്തിലാകുന്ന ജീവികളായും കണക്കാക്കുന്നു. ഐ യു സി എൻ പ്രസിദ്ധീകരിച്ച 2015 ലെ പക്ഷികളുടെ റെഡ് ലിസ്റ്റ് പ്രകാരം 180 ഇനം പക്ഷികൾ ഭീഷണിയിലാണെന്ന് പറയുന്നു. 1994ൽ ഇത് 173 ആയിരുന്നു. 




കേരളത്തിൽ വയനാട്ടിലൊഴികെ കഴുകന്മാർ അപ്രത്യക്ഷമായതായുള്ള പഠനം അടുത്തിടെയാണ് പുറത്തു വന്നത്. മറയൂർ , മൂന്നാർ ഉൾപ്പെടെ തെക്കൻ മേഖലയിൽ സമീപകാലത്ത് 500നും1000ത്തിനും ഇടയിൽ കഴുകന്മാർക്ക് വംശനാശം സംഭവിച്ചു. വനത്തിന് സമീപത്തെ ജനവാസമേഖലയിലുള്ളവർ വന്യമൃഗങ്ങളിൽ നിന്ന് വന്യമൃഗങ്ങളെ സംരക്ഷിക്കുവാൻ വിഷവിത്തുകൾ വിതറാറുണ്ട്. ഇവ കഴുകാന്മാരുടെ വംശനാശത്തിന് കാരണമായി. കന്നുകാലികളിൽ കുത്തിവെക്കുന്ന ഡൈക്ലോഫെനിക്ക് എന്ന മരുന്നും കഴുകന്മാരുടെ വംശനാശത്തിന് വഴിതെളിച്ചിട്ടുണ്ട്. വേദനസംഹാരിയെന്നനിലയിലാണ് ഡൈക്ലോഫെനിക്ക് ഉപയോഗിക്കുന്നത്. മരുന്ന് കുത്തിവെച്ച കന്നുകാലികളുടെ മൃതശരീരങ്ങൾ ഭക്ഷിക്കുന്നതാണ് ഇവയുടെ നാശത്തിന് ഇടയാക്കിയത്. പക്ഷികളിൽ 50 ഇനങ്ങളെയാണ് ചുവന്ന പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. തലേക്കെട്ടൻ തിത്തിരി , ചുട്ടികഴുകൻ , തവിട്ടുകഴുകൻ എന്നിവയാണ് ഗുരുതരമായ വംശനാശത്തിന്റെ വക്കിലെത്തി നിൽക്കുന്ന പക്ഷികൾ. കാതിലക്കഴുകാൻ , തോട്ടിക്കഴുകൻ , തെക്കൻ ചിലുമിലുപ്പൻ , സന്ധ്യക്കിളി തുടങ്ങിയ പക്ഷികളും വംശനാശപ്പട്ടികയിലുണ്ട്. അടുത്ത് തന്നെ അപകടാവസ്ഥയിലാകുന്നത് 25 ഇനം പക്ഷികളാണെന്നും പ്രത്യേകം രേഖപ്പെടുത്തിയിട്ടുണ്ട്. സൂചിമുഖി , ഇലക്കുരുവി , നീലാക്കിളി പാറ്റപിടിയൻ , ചെറിയ മീൻ പരുന്ത് , കരിങ്കഴുകൻ , മലമുഴക്കി , ചേരക്കോഴി തുടങ്ങിയവയും ഇതിൽപ്പെടും. ഉരഗവർഗങ്ങളിൽ ചൂണ്ടൻ കടലാമായാണ് തീർത്തും കാണാതായിക്കൊണ്ടിരിക്കുന്ന ഒരു ജീവിവർഗം. ചൂരലാമ , കടലാമ , കാരാമ , ഭീമനാമ , ചിത്രയാമ എന്നിവയും നീലവായറൻ , മാരയരണ , വയനാടൻ മരപ്പല്ലി , കങ്കാരു ഓന്ത് എന്നിവയും വംശനാശ ഭീഷണി നേരിടുന്നവയാണ്. 12 ഇനം പാമ്പുകളിൽ മലപച്ചോലൻ പാമ്പ് , വയലറ്റ് പാമ്പ് എന്നിവ കാണാമറയത്താകുന്ന ജീവികളാണ്. തവളകളിൽ പത്ത്‌ ഇനങ്ങളെ പൂർണ്ണമായും കാണാതായിട്ടുണ്ട് കൈകാട്ടിത്തവള , മൂന്നാർ ഇലത്തവള , പുള്ളി പച്ചിലപ്പാറൻ , പച്ചക്കണ്ണി ഇലത്തവള തുടങ്ങിയവയാണ് അവ. കേരളത്തിൽ 53 ഇനം തവളകളെ വംശനാശ ഭീഷണി നേരിടുന്ന പട്ടികയിലുൾ പ്പെടുത്തിയിട്ടുണ്ട്. കാട് നഗരവത്കരണത്തിന് വഴിമാറി പോയപ്പോൾ നാട്ടുപക്ഷികളിലും പലതും അപ്രത്യക്ഷമായവയിലും വംശഭീഷണിയിൽ ഉൾപ്പെട്ടു. ഇന്നലെ വരെ വീട്ടുമുറ്റത്തു നാം കണ്ടിരുന്ന കിളികൾ നമ്മളറിയാതെയാണ് പറന്നകന്നത്. മേഘങ്ങളെ തൊട്ടുരുമ്മി ഭൂമിയിലേക്ക് പറന്നിറങ്ങുന്ന പക്ഷിക്കൂട്ടത്തിന്റെ സുന്ദരക്കാഴ്ചകൾ ഇനി എത്ര കാലമെന്ന് വൈകാതെ തിരിച്ചറിയും. രൂപത്തിലും നിറത്തിലും ശബ്ദത്തിലും വ്യത്യസ്ഥത പുലർത്തുന്ന പക്ഷികളെക്കൊണ്ട് സമ്പന്നമായിരുന്നു കേരളം. കാക്കമുതൽ സൈബീരിയൻ ദേശടനപക്ഷികൾ വരെ കേരളത്തിലെ പ്രകൃതിയുടെ വരപ്രസാദമാണ്. ലോകത്തിൽ ഏതാണ്ട് 8650 ഗണത്തിൽപ്പെട്ട പക്ഷികളുണ്ട്. മുങ്ങാം കോഴികളിൽ തുടങ്ങി പാമ്പറി ഫോർമസ് (കൂട് കെട്ടുന്ന പക്ഷികൾ) പക്ഷികൾ വരെ 27 കക്ഷികളിലായി തരം തിരിച്ചിട്ടുണ്ട്. ഇന്ത്യയിൽ ഇപ്പോൾ 20 കക്ഷികളിലും 75 ഗോത്രങ്ങളിലുമായി 1200 ഗണങ്ങളിൽ പെടുന്ന പക്ഷികളുണ്ട്. ഇതിൽ നല്ലൊരു പങ്ക് കേരളത്തിലെ പക്ഷിക്കൂട്ടത്തിൽപ്പെടും. 80 ഓളം ഇനത്തിൽ പെട്ട നാട്ടുപക്ഷികളെ സാധാരണമായി കേരളത്തിലെ നാട്ടിൻ പുറങ്ങളിൽ കണ്ടുവരുന്നു. എന്നാൽ എന്തുകൊണ്ടോ മുമ്പു സ്ഥിരമായി കാണാറുള്ള പലതും ഇപ്പോൾ അപൂർവ കാഴ്ചയായി. അങ്ങാടിക്കുരുവി , കരാടാൻ ചാത്തൻ , നാട്ട് ബുൾ ബുൾ , വണ്ണാത്തിപ്പുള്ള് , നാട്ടു മരംകൊത്തി , അയോറ , കൽമണ്ണാത്തി , തത്തച്ചിന്നൻ , വിഷിപക്ഷി , ഉപ്പൂപ്പൻ , കുളക്കോഴി , കാവി , പുള്ളിനത്ത് , കഴുകൻ തുടങ്ങിയ നാട്ടിൻപുറങ്ങളിൽ യഥേഷ്ടം കണ്ടിരുന്ന പക്ഷികളിൽ പലതിന്റെയും എണ്ണം ഗണ്യമായി കുറഞ്ഞു. ചിന്നൻകുട്ടുറുവൻ , ചെങ്കണ്ണി , മഞ്ഞക്കണ്ണി , ഒലോഞ്ഞാലി , ചെമ്പോത്ത് , ആറ്റക്കുരുവി , ചെറിയമീൻകൊത്തി , മീൻകൊത്തിച്ചാത്തൻ , പുള്ളിമീൻ കൊത്തി , നാട്ടുവേലിത്തത്ത , നാട്ടുമരംകൊത്തി , പനങ്കാക്ക , നാടൻ ഇലക്കിലി , ചെമ്പ്കൊട്ടി , നാട്ടുകുയിൽ , ഗരുഡൻ , വെള്ളി എറിയൻ , ചിന്നമുണ്ടി , പെരുമുണ്ടി , മഴക്കൊച്ച , പൊതപ്പൊട്ടൻ , നാടൻ താമരക്കോഴി , നാകമോഹൻ , കരിവായറൻ വാനമ്പാടി തുടങ്ങി നിരവധി പക്ഷികൾ നാട്ടുപക്ഷികളുടെ ഗണത്തിൽപ്പെടും. നാട്ടിൻപുറങ്ങളിലെ മരങ്ങളും കുളവും തോടും കാവും കൈതക്കാടും വള്ളിപ്പടർപ്പുകളുമെല്ലാം നശിപ്പിക്കപ്പെട്ടതാണ് പക്ഷികളുടെ തിരോദാനത്തിനുള്ള മുഖ്യ കാരണമായി ചൂണ്ടി കാണിക്കുന്നത്. മനുഷ്യവാസപ്രദേശങ്ങളിൽ യഥേഷ്ടം കണ്ടിരുന്ന പക്ഷികളുടെ ആവാസ വ്യവസ്ഥക്ക് അടുത്ത കാലത്ത് വൻതോതിൽ തന്നെയാണ് മങ്ങലേറ്റത്. പറമ്പുകളിലെ ഫലവൃക്ഷങ്ങൾ പാടെ അപ്രത്യക്ഷമായത് പക്ഷികളെ സാരമായിത്തന്നെ ബാധിച്ചു. ചെങ്കൽ കുന്നുകൾ വ്യാപകമായി ഇടിച്ചുനിരത്തുന്നതും തണ്ണീർത്തടങ്ങളും ചതുപ്പുനിലങ്ങളും മണ്ണിട്ട് മൂടപ്പെട്ടതെല്ലാം നാട്ടുപക്ഷികളുടെ തിരോധാനത്തിന് ആക്കം കൂട്ടി. നഗരമെന്നോ കാടെന്നോ വ്യത്യാസമില്ലാതെ എല്ലാ സ്ഥലങ്ങളിലും അതിവാസിച്ചിരുന്ന അങ്ങാടിക്കുരുവിയുടെ നിലനിൽപ്പ് പോലും ഭീഷണിയാകുന്ന സാഹചര്യമാണ് നിലവിലുള്ളത്. ധാന്യങ്ങൾ വിൽക്കുന്ന കടകളിലെ ചാക്കുകളിൽ കയറി തത്തിക്കളിക്കുകയും അവസരം കിട്ടുമ്പോൾ കൊക്ക് നിറയെ ധാന്യമെടുത്ത് പെട്ടന്ന് ധാന്യമെടുത്ത് പെട്ടന്ന് രക്ഷപ്പെടുകയും ചെയ്യുന്ന അങ്ങാടിക്കുരുവികളെ കാണാത്തവരുണ്ടാകുകയില്ല. 




പ്ലാസ്റ്റിക്ക് സഞ്ചിയിൽ ധാന്യങ്ങൾ പൊതിഞ്ഞു വിൽക്കുന്ന പ്രവണത കൂടിയതോടെ നേരത്തെ കണ്ടിരുന്ന പാലസ്ഥലങ്ങളിൽ നിന്നും കുരുവികൾ അപ്രത്യക്ഷമായി. കൂടുവെക്കാനുള്ള സാഹചര്യം ക്രമേണ ഇല്ലാതാവും ഇവയെ പ്രതികൂലമായി ബാധിച്ചു. ഭക്ഷണ ലഭ്യതയിലുള്ള കുറവാണ് ചില പക്ഷികളുടെ ശോഷണത്തിന് കാരണം. ചക്കയും മാങ്ങയും പോലുള്ള ഫലങ്ങൾ തീർത്തുമില്ലാതായും കായ്ഫലമുള്ള ചെടികളും വൃക്ഷങ്ങളും അപ്രത്യക്ഷമായതും നാട്ടുപക്ഷികൾക്ക് ഭക്ഷണമില്ലാത്ത അവസ്ഥയുണ്ടാക്കി. പരുത്തിയും ചിലന്തി വലയുമുപയോഗിച്ച് ഇലത്തുന്നി കൂടുണ്ടാക്കുന്ന തുന്നാരൻ പക്ഷിയെപ്പോലുള്ളവർക്ക് വലിയ ഇലകളുടെയും മറ്റും അഭാവം വിനയായി. വീട്ടുവളപ്പിലെ കുട്ടിക്കാടുകൾ നിശേഷം ഇല്ലാതായത് ഇത്തരം പക്ഷികൾക്ക് കെണിയൊരുക്കി. കാവാലൻ കിളി , മാടത്ത എന്നീ പേരിലറിയപ്പെടുന്ന നാട്ടുമൈനക്കും കൂടൊരുക്കാനുള്ള സാഹചര്യം പുതിയ കാലത്ത് നഷ്ടപ്പെട്ടു. ഇവ ഇരതേടുന്ന പാടങ്ങളിൽ കീടനാശിനി പ്രയോഗം വർധിച്ചതും പക്ഷികളുടെ നിലനിൽപ്പിനെ സാരമായി ബാധിച്ചു. രാജ്യസ്ഥാനിലെയും ഗുജറാത്തിലെയും മരുപ്രദേശങ്ങളൊഴിച്ച് ഇന്ത്യയിലെല്ലായിടത്തും കണ്ടിരുന്ന വിഷുപക്ഷി കേരളത്തിൽ അപൂർവ കാഴ്ചയായതിനുള്ള ഒരു കാരണം വൃക്ഷങ്ങളുടെ വ്യാപകമായ നാശം തന്നെയാണ്. 1972ലെ വന്യജീവി സംരക്ഷണ നിയമപ്രകാരം വന്യജീവികളുടെയും വനങ്ങളുടെയും സംരക്ഷണത്തിനായി 15 വന്യജീവി സങ്കേതങ്ങളും അഞ്ചു ദേശിയോദ്യാനങ്ങളും രണ്ട് കടുവ സങ്കേതങ്ങളും രണ്ട് കമ്യൂണിറ്റി റിസർവുമുൾപ്പെടെ 23 സംരക്ഷിത വനപ്രദേശങ്ങൾ സംസ്ഥാനത്തുണ്ടെങ്കിലും വംശനാശ ഭീഷണി നേരിടുന്ന ജീവികളുടെയെണ്ണം ഓരോ വർഷവും കൂടിക്കൊണ്ടിരിക്കുകയാണെന്നാണ് പഠനങ്ങൾ വ്യക്തമാക്കുന്നത്.
source : siraj  15 august 2016

No comments:

Post a Comment

ബാക്ടീരിയയുടെ പ്രോട്ടീൻ ഘടന കണ്ടെത്തി

ആന്റിബയോട്ടിക്കുകളെ ചെറുക്കുന്ന സൂപ്പർബർഗ് ബാക്ടീരിയയുടെ പ്രോട്ടീൻ ഘടന ശാസ്ത്രജ്ഞർ കണ്ടെത്തി. ചികിൽത്സരംഗത്ത് നിർണ്ണായക വഴിത്തിരിവിന് ...