Saturday, October 15, 2016

എന്താണ് സിദ്ധാന്തം..?

രാത്രിയും പകലും ഉണ്ടാകുന്നത് ഭൂമി സ്വയം ഭ്രമണം ചെയ്യുന്നത് കൊണ്ടാണെന്ന് മാത്രം തെളിയിച്ചാൽ പോര. മറ്റെന്തെങ്കിലും കാരണങ്ങൾ കൊണ്ടല്ല രാത്രിയും പകലും ഉണ്ടാകുന്നത് എന്നും കൂടി തെളിയിക്കണം ശാസ്ത്രത്തിന്റെ രീതി എന്താണെന്നും സിദ്ധാന്തങ്ങൾ രൂപപ്പെടുന്നത് എങ്ങനെയെന്നും ചർച്ചചെയ്യുകയാണ് ലേഖകൻ.
ഇതൊക്കെ വെറും തീയറിയെല്ലേ, വല്ല സത്യവുമുണ്ടോ പാലചർച്ചകളിലും കേൾക്കാറുള്ള സ്ഥിരം ചോദ്യമാണിത്. ഈ ചോദ്യം ഏറ്റവും അധികം ആവർത്തിക്കപ്പെട്ടിരിക്കുന്നത് പരിണാമ സിദ്ധാന്തം (theory of evaluation) , മഹാവിസ്ഫോടനസിദ്ധാന്തം (big bang theory) എന്നിവയുടെ കാര്യത്തിലാകും എന്താണ് തിയറി അഥവാ സിദ്ധാന്തം ?
എങ്ങനെയാണ് അവ രൂപപ്പെടുന്നത്? തിയറി സത്യമല്ലേ ഇതാണ് ഈ ലേഖനത്തിന്റെ വിഷയം.
ശാസ്ത്രലോകത്ത് സിദ്ധാന്തം എന്നുവെച്ചാൽ ഊഹാപോഹങ്ങളല്ല. അതൊരു പ്രതിഭാസത്തെ തൃപ്തികരമായി വിശദീകരിക്കുന്ന ശാസ്ത്രീയമായി പരീക്ഷിച്ചു തെളിഞ്ഞ ആശയങ്ങളാണ്. അതായത് വെറും അനുമാനങ്ങൾ (hypothesis) ആയിരിക്കില്ല അവ. വാതകങ്ങളുടെ സ്വാഭാവത്തെ കുറിച്ചുള്ള സിദ്ധാന്തം (kinetic theory of gases) ഐസ്റ്റൈന്റെ ആപേക്ഷികതാ സിദ്ധാന്തം (theory of relativity) , പരിണാമസിദ്ധാന്തം , മഹാവിസ്ഫോടനസിദ്ധാന്തം ഇതെല്ലം ശാസ്ത്രീയമായി തെളിയിച്ച സിദ്ധാന്തങ്ങൾക്ക് ഉദാഹരണങ്ങളാണ്.
എങ്ങനെയാണ് സിദ്ധാന്തങ്ങൾ ഉണ്ടാകുന്നത് ? ഇതിനു രണ്ടുരീതികളുണ്ട്.




1.നിരീക്ഷണങ്ങൾ അടിസ്ഥാനപ്പെടുത്തി യുക്തിസഹമായ അനുമാനങ്ങളിൽ എത്തുക. ഈ അനുമാനങ്ങൾക്ക് കൂടുതൽ തെളിവുകൾ ലഭിക്കുമ്പോൾ അതൊരു സിദ്ധാന്തമാകുന്നു.
2. നമ്മുടെ പ്രകൃതിയിലെ അടിസ്ഥാന നിയമങ്ങൾ എല്ലാം തന്നെ നമുക്കറിയാം. ഇതാണ് നാം ഭൗതികശാസ്ത്രത്തിൽ (physics) പഠിക്കുന്നത്. ഈ നിയമങ്ങളെ ആധാരമാക്കിയുള്ള ഗണിതസമവാക്യങ്ങളിലൂടെ ( mathematical equation ) പ്രവചിക്കുന്നതാണ് രണ്ടാമത്തെ മാർഗം ഈ പ്രവചങ്ങൾ തെളിവുകൾ ലഭിക്കുമ്പോൾ അവയും ഒരു സിദ്ധാന്തമാകുന്നു.
നിരീക്ഷണങ്ങൾ അടിസ്ഥാനപ്പെടുത്തി യുക്തി ഉപയോഗിച്ച് അനുമാനങ്ങളിൽ എത്തിയതിന് ഉദാഹരണമാണ് ഡാർവിൻ പ്രവചിച്ച 'പ്രകൃതി നിർദ്ധാരണം വഴിയുള്ള പരിണാമം' എന്ന അക്കാലത്തെ അനുമാനം. കൂടുതൽ തെളിവുകൾ ലഭിച്ചപ്പോൾ പരിണാമം ഒരു സിദ്ധാന്തമായി.
പ്രകൃതിയിൽ സംഭവിക്കുന്ന എല്ലാകാര്യങ്ങളും നമുക്കു വെറും നിരീക്ഷണത്തിലൂടെ മനസ്സിലാക്കാൻ കഴിയില്ല. അതുപോലെ അവയ്ക്കുള്ള വിശദീകരണങ്ങളും നമുക്ക് സാമാന്യബുദ്ധി ഉപയോഗിച്ച് ഉണ്ടാക്കാൻ കഴിയണമെന്നില്ല.
ഉദാഹരണത്തിന് പ്രകാശം ഒരു സെക്കൻഡിൽ (ഏകദേശം) മൂന്ന്ലക്ഷം കിലോമീറ്റർ സഞ്ചരിക്കും, സമയം ആപേക്ഷികമാണ് തുടങ്ങിയ വസ്തുതകൾ വെറും കണ്ണുകൊണ്ട് നിരീക്ഷിച്ചു മനസ്സിലാക്കാൻ കഴിയില്ല. അതുപോലെ ക്വണ്ടം മെക്കാനിക്‌സ്‌ പോലുള്ള മേഖലയിൽ ഭൗതികശാസ്ത്രം പ്രവചിക്കുന്ന കാര്യങ്ങൾ വെറും സാമാന്യബുദ്ധി ഉപയോഗിച്ച് ഗ്രഹിക്കാനും വിഷമമാണ്. എന്ന് വെച്ച് അവ തെറ്റല്ല.
എന്റെ ഈ വാദത്തെ ആരും ദുരുപയോഗം ചെയ്യാതിരിക്കാൻ എനിക്കിതും കൂടി പറയേണ്ടിയിരിക്കുന്നു. ഇപ്പോൾ നിങ്ങളിൽ ചിലർ ഇങ്ങനെ പറഞ്ഞേക്കാം.
'നോക്കൂ നമ്മുടെ സാമാന്യബുദ്ധിക്ക് മനസ്സിലാക്കാൻ പറ്റാത്ത എന്നാൽ സത്യമായ 'അദൃശ്യ ശക്തികളും' നമ്മുക്ക് ചുറ്റിലുണ്ട്. സാമാന്യബുദ്ധിക്ക് ഗ്രഹിക്കാൻ പറ്റാത്തതിനാൽ അവയില്ല എന്ന് പറയാൻ കഴിയില്ല'. ഇത്തരമൊരു പ്രവചനമല്ല ശാസ്ത്രം മുന്നോട്ട്വക്കുന്നത് നമ്മുടെ സാമാന്യബുദ്ധി ഉപയോഗിച്ച് മനസ്സിലാക്കാൻ വിഷമമുള്ള ഒരു കാര്യം ശാസ്ത്രം പ്രവചിക്കുമ്പോൾ അത് വെറും കെട്ടുകഥയിലോ ഭാവനായിലോ അടിസ്ഥാനപ്പെടുത്തിയാണ് തുടങ്ങുന്നതെന്ന് ധരിക്കരുത്. അവ ഗണിതസമവാക്യങ്ങളെ അടിസ്ഥാനപ്പെടുത്തി രൂപപ്പെടുത്തുന്ന തിയറികളെ ആസ്പദമാക്കിയായിരിക്കും.
എങ്ങനെയാണ് ഗണിതം പ്രകൃതിസത്യങ്ങളെ വെളിപ്പെടുത്തുന്നത് ? ഒരു ഉദാഹരണം പറയാം. നിങ്ങൾ ഒരു കല്ല് മുകളിലേക്ക് വലിച്ചെറിയുന്നു എന്നിരിക്കട്ടെ. ഈ കല്ല് ഏതാണ്ടൊരു 'റ' ആകൃതിയിലുള്ള പാതയിലായിരിക്കും സഞ്ചരിക്കുക. അതായത് കല്ല് ഉയർന്ന്പൊങ്ങി കുറച്ച് ഉയരത്തിൽ എത്തിയ ശേഷം താഴെപതിക്കും. നിങ്ങൾ എറിഞ്ഞത് എത്രവേഗത്തിലാണ്, ഏത് കോണിലാണ് തുടങ്ങിയ കാര്യങ്ങൾ അറിഞ്ഞാൽ ആ കല്ലിന്റെ സഞ്ചാരപാത ഒരു പേനയും പേപ്പറും ഉപയോഗിച്ച് നമുക്ക് കൃത്യമായി കണ്ടുപിടിക്കാം. അതായത് ആ കല്ലിന്റെ സഞ്ചാരത്തെ ഏതെല്ലാം ശക്തികൾ (ബലങ്ങൾ) സ്വാധീനിക്കുമോ അവയെ പ്രതിനിധാനം ചെയ്യുന്ന ഗണിതസമവാക്യങ്ങൾ ഉപയോഗിച്ച് ഇതിന്റെ ഉത്തരം കണ്ടെത്താം എന്നർത്ഥം.
ചൊവ്വയിലേക്കയാക്കുന്ന ഉപഗ്രഹം എപ്പോൾ ഭൂമിയുടെ ഭ്രമണപഥം വിടും, എപ്പോൾ ചൊവ്വയുടെ അടുത്തെത്തും, ആ സമയത്ത് അതിന്റെ വേഗം എന്തായിരിക്കും, ചൊവ്വക്കുചുറ്റും എത്ര ഉയരത്തിലായിരിക്കും എന്നീ വിവരങ്ങളെല്ലാം ഉപഗ്രഹം വിക്ഷേപിക്കുന്നതിന് മുൻപേ ശാസ്ത്രജ്ഞർ കണക്കു കൂട്ടിയിട്ടുണ്ടാകും. ഇതു ചെയ്യുന്നതും നാം മുമ്പ് കല്ലിന്റെ പാത നിർണയിച്ചത് പോലെ ഭൗതികശാസ്ത്രത്തിന്റെ അടിസ്ഥാന നിയമങ്ങൾ ഉൾകൊള്ളുന്ന ഗണിത സമവാക്യങ്ങൾ ഉപയോഗിച്ചാണ്. ഈ ഉദാഹരണത്തിൽ ഗണിത സമവാക്യങ്ങൾ വളരെ സങ്കീർണ്ണമാകാം ഇത്തരം സങ്കീർണ്ണസമവാക്യങ്ങൾ ഇന്ന് സൂപ്പർ കമ്പ്യൂട്ടറുകളുടെ സഹായത്തോടെ എളുപ്പം നിർദ്ധാരണം ചെയ്യാൻ സാധിക്കുന്നു.
ഭൗതികശാസ്ത്രവും ഗണിതവും ഉപയോഗിച്ച് ശാസ്ത്രം നടത്തിയ പ്രവചനങ്ങൾക്കു ധാരാളം ഉദാഹരണങ്ങളുണ്ട്. അവയിൽ ചിലതാണ് 'ദൈവകണം' പേരിൽ അറിയപ്പെടുന്ന ഹിഗ്സ് ബോസോൺ (higgs boson) എന്ന സൂക്ഷ്മകണം, ഗുരുത്വതരംഗങ്ങൾ ( gravitational Waves) തുടങ്ങിയവയുടെ പ്രവചനം. 1960 കളിൽ പ്രവചിക്കപ്പെട്ട ഹിഗ്സ് ബോസോൺ പരീക്ഷണശാലയിൽ കണ്ടെത്തുന്നത് ഏറെ വർഷങ്ങൾക്ക് ശേഷം 2013 ൽ മാത്രമാണ്. 1916 ൽ ഈ ഐസ്റ്റൈൻ തന്റെ സമാന്യഅപേക്ഷിക സിദ്ധാന്തത്തിൽ (general theory of relativity) പ്രവചിച്ച ഗുരുത്വതരംഗങ്ങൾക്ക് പരീക്ഷണശാലയിൽ തെളിവുകൾ ലഭിക്കുന്നത് കൃത്യം100 വർഷം കഴിഞ്ഞ്‌ 2016 ലാണ്.
1960കളിൽ പ്രവചിക്കപ്പെട്ട ഹിഗ്ഗ്സ് ബോസോൺ-നാല് പതിറ്റാണ്ടിണ്ടിന് ശേഷമാണിത് കണ്ടുപിടിച്ചത്
ഇങ്ങനെ ഗണിതം അടിസ്ഥാനമായി ഭൗതികശാസ്ത്രത്തിലെ പല മേഖലകളിലും ധാരാളം ഗവേഷണങ്ങൾ നടക്കുന്നുണ്ട്. ഇത്തരം  ഗവേഷണങ്ങൾക്ക്‌ സൈദ്ധാന്തിക ഗവേഷണം (theoretical research) എന്നാണ് പറയുക. പ്രത്യേകിച്ചും ലാബിൽ പരീക്ഷണം നടത്താൻ സാധിക്കാത്ത കാര്യങ്ങളിൽ ഗവേഷണം ആദ്യം നടത്തുക ഇങ്ങനെയായിരിക്കും. പിന്നീട് ഗവേഷണഫലങ്ങൾ അനുസരിച്ച് ശാസ്ത്രജ്ഞർ പരീക്ഷണങ്ങൾ രൂപകൽപ്പന ചെയ്ത് നടത്തും. ഇതിന്റ പ്രധാന ഗുണമെന്തെന്നാൽ എന്താണ് നിരീക്ഷിക്കേണ്ടതെന്ന് ആദ്യമേ അറിയാം എന്നതാണ്.
പ്രപഞ്ചത്തിന്റെ ഉല്പത്തിയെക്കുറിച്ച് ധാരാളം ഗവേഷണങ്ങൾ പ്രധാനമായും നടക്കുന്നത് ഇങ്ങനെ അതിസങ്കീർണമായ ഗണിതസമവാക്യങ്ങൾ അടിസ്ഥാനമാക്കിയാണ്.
ഒരു പക്ഷെ നിങ്ങൾ ചിന്തിക്കുന്നുണ്ടാവാം ഈ ഗവേഷണ ഫലങ്ങൾ എത്രമാത്രം ശരിയാകാമെന്ന്. നാം ഇവിടെ ഗണിതസമവാക്യങ്ങൾ തുടങ്ങുന്നത് തന്നെ ശരിയാണെന്ന് നമുക്കറിയാവുന്ന പ്രകൃതിയുടെ അടിസ്ഥാന നിയമങ്ങളെ ആധാരമാക്കിയാണ്. അതുകൊണ്ട് തന്നെ അതിൽ നിന്നും ഉരുത്തിരിയുന്ന ഫലങ്ങളും ശരിയാകണം. പക്ഷെ അവ പരീക്ഷണങ്ങളിലൂടെ തെളിയിക്കാൻ ചിലപ്പോൾ അനേകം വർഷങ്ങൾ കാത്തിരിക്കേണ്ടിവന്നേക്കാം (ഗുരുത്വതരംഗങ്ങൾ തരംഗങ്ങൾ പോലെ)
ഇനി നേരെ തിരിച്ചും ചെയ്യാറുണ്ട്. പരീക്ഷണശാലയിൽ നേരിട്ട് നിരീക്ഷിക്കുന്ന ഒരു പ്രതിഭാസത്തിന് നാം യുക്തിപൂർവ്വം നൽകുന്ന വിശദീകരണം ശരിയാണെങ്കിൽ ആ വിശദീകരണം അടിസ്ഥാന നിയമങ്ങളെ ആധാരമാക്കിയ ഗണിത സമവാക്യങ്ങൾ അനുസരിച്ച് തെളിയിക്കാനും കഴിയണം. ഇത്തരത്തിലുള്ള ഒരു ഡബിൾ-ചെക്കിങ് ശാസ്ത്രത്തിൽ സർവ്വ സാധാരണമാണ്. ഇങ്ങനെ നിരീക്ഷണത്തിലൂടെ ഉണ്ടാക്കിയ അനുമാനങ്ങളും സിദ്ധാന്തങ്ങളും ശരിയാണെന്ന് ഉറപ്പ് വരുത്താം.
ഒരു കാര്യം നിരീക്ഷിക്കുമ്പോൾ അത് നമ്മുടെ ആദ്യമേയുള്ള അനുമാനത്തിന് വളരെ കൃത്യമായി യോജിക്കുന്നു എന്നത്കൊണ്ട് മാത്രം ശാസ്ത്രം ഒരു നിഗമനത്തിൽ (conclusion) എത്തുന്നില്ല. ഇതാണ് ശാസ്ത്രീയമായ രീതിയുടെ ഏറ്റവും ശക്തമായ സ്വഭാവം. ഒരു നിഗമനത്തിൽ എത്തണമെങ്കിൽ ഒരു വിശദീകരണം ആവശ്യമാണ് ശരിയാണ് മാത്രമല്ല, ആ വിശദീകരണം മാത്രമാണ് ശരി എന്നുകൂടി തെളിയിക്കേണ്ടതുണ്ട്.
ഉദാഹരണത്തിന് രാത്രിയും പകലും ഉണ്ടാകുന്ന ഭൂമി സ്വയം ഭ്രമണം ചെയ്യുന്നത് കൊണ്ടാണെന്ന് തെളിയിച്ചാൽ പോരാ. മറ്റെന്തെങ്കിലും കാരണങ്ങൾ കൊണ്ടല്ല രാത്രിയും പകലും ഉണ്ടാവുന്നത് എന്നുകൂടി തെളിയിക്കണം. മാത്രമല്ല ഈ തെളിവുകളും നിഗമനങ്ങളും ഇതുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളിലും ശാരിയായിരിക്കുന്നു എന്നും ഉറപ്പാക്കണം. ഉദാഹരണത്തിന് രാത്രിയും പകലുമായി യാതൊരു ബന്ധവുമില്ലാത്ത ഒരു കാര്യമെടുക്കാം. ഒരു മിസൈൽ വിക്ഷേപിക്കുമ്പോൾ അത് കൃത്യസ്ഥാനത്ത് പതിക്കണമെങ്കിൽ ഭൂമിയുടെ ഭ്രമണം കണക്കിലെടുക്കണം. ഭ്രമണം കണക്കിലെടുക്കാതെ തന്നെ മിസൈൽ എപ്പോഴും കൃത്യസ്ഥാനത്ത് പതിക്കുന്നുണ്ടെങ്കിലും ഭൂമി ഭ്രമണം ചെയ്യുന്നില്ല എന്നല്ലേ അർത്ഥം.
അങ്ങനെ സംഭവിച്ചാൽ രാത്രിയും പകലും ഉണ്ടാകുന്നത് എങ്ങനെയാണെന്നതിന് നമ്മൾ കണ്ടുപിടിച്ച ഉത്തരവും പാരുങ്ങലിലാകും. പക്ഷെ സത്യം എന്താണെന്നുവെച്ചാൽ ഭൂമിയുടെ ഭ്രമണം സ്വാധീനിക്കുന്ന എന്ത് പരീക്ഷണം ചെയ്താലും അതിൽ നിന്ന് ഭൂമി ഭ്രമണം ചെയ്യുന്നുണ്ട് എന്ന് മനസ്സിലാക്കാൻ കഴിയും. എന്നുവെച്ചാൽ ശാസ്ത്രം കൊണ്ടുവരുന്ന ഒരു സിദ്ധാന്തം അതുമായി ബന്ധമുള്ള എല്ലായിടത്തും ശരിയാകണം. ശരിയായ സിദ്ധാന്തങ്ങൾ എല്ലാം ഇങ്ങനെതന്നെയാണ്.
ഗുരുത്വതരംഗങ്ങൾ പ്രവചിച്ചിട്ട് കൃത്യം 100 വർഷം തികയുമ്പോഴാണ് അത് കണ്ടെത്താനായത്.




മറ്റൊരു ഉദാഹരണം പറയാം. പരിണാമസിദ്ധാന്തം അനുസരിച്ച് ആധുനിക മനുഷ്യൻ കുരങ്ങുസമാനമായ ജീവികളിൽ നിന്നും പരിണമിച്ചുണ്ടായിട്ടുണ്ട് ഏകദേശം 2 ലക്ഷം വർഷങ്ങൾ മാത്രമേ ആയിട്ടുള്ളു. ഫോസിൽ തെളിവുകളും ജനിതകപരമായ തെളിവുകളും ഇക്കാര്യം ശരിയാണ് എന്നത് തന്നെയാണ് കാണിക്കുന്നത്. ആധുനികമനുഷ്യൻ ഉണ്ടായിട്ട് ഏകദേശം രണ്ട് ലക്ഷം മാത്രമേ ആയിട്ടുള്ളു. എങ്കിൽ രണ്ടുലക്ഷങ്ങൾ വർഷങ്ങൾ മുമ്പുള്ള ആധുനിക മനുഷ്യന്റെ ഫോസിൽ തെളിവുകൾ ലഭിക്കാൻ പാടില്ല. ഇതുവരെ ഇങ്ങനെയൊന്നു ലഭിച്ചിട്ടുമുള്ളു.
ഉദാഹരണത്തിന് ആധുനിക മനുഷ്യന്റെ അമ്പതുലക്ഷം വർഷം മുമ്പുള്ള ഫോസിൽ കിട്ടി എന്നിരിക്കട്ടെ. പരിണാമ സിദ്ധാന്തം ആകെ തകർന്നടിയും പക്ഷെ പരിണാമസിദ്ധാന്തത്തിനുള്ള അതിശക്തമായ തെളിവുകൾ നോക്കിയാൽ അങ്ങനെയൊന്ന് സംഭവിക്കില്ല എന്നു തന്നെ ഉറപ്പിക്കാം.
ഞാൻ പറഞ്ഞുവന്നത് ശാസ്ത്രം പുതിയ അറിവുകളെ അംഗീകരിക്കുന്നു എന്നാണ്. ശാസ്ത്രത്തിന് മുൻവിധികളില്ല. പുതിയ തെളിവുകൾ വന്നാൽ അതിനാനുസരിച്ച് തിയറികളും മാറും. ശാസ്ത്രത്തിൽ എല്ലാം എപ്പോഴും പാഠനവിഷയമാണ്. പുതിയ അറിവുകൾ വരുന്നതിനാനുസരിച്ച് ഇപ്പോഴുള്ള സിദ്ധാന്തങ്ങൾ കൂടുതൽ വിശാലമാവും. 1600കളിൽ ഐസക് ന്യൂട്ടൻ ഉണ്ടാക്കിയ തിയറി ഉപയോഗിച്ച് നമ്മുക്ക് പ്രപഞ്ചത്തിലെ ചലനങ്ങൾ വിശദീകരിക്കാനാകും. ഭൂമിയുടെയും സൂര്യന്റെയും ചലനങ്ങൾ അല്ലെങ്കിൽ ഒരു ടെന്നീസ് ബോളിന്റെ ചലനം എന്നിവയെല്ലാം ന്യൂട്ടോണിയൻ മെക്കാനിക്സ് ഉപയോഗിച്ച് പ്രവചിക്കാം. എന്നാൽ ഈ തിയറിയെ ഐസ്റ്റീൻ കുറച്ച് കൂടി വിപുലീകരിച്ച് ബലപ്പെടുത്തി. ചലനവും കാലവും അപേക്ഷികമാണെന്ന പുതിയ തിയറി കൂടുതൽ കാര്യങ്ങൾ വിശദീകരിക്കാൻ സഹായിച്ചു. അതുപോലെ സൂക്ഷ്മകാണങ്ങൾ തമ്മിലുള്ള പ്രവർത്തനങ്ങളെ വിശദീകരിക്കുന്ന ക്വാണ്ടംമെക്കാനിക്സ് ഉരുതിരിഞ്ഞുവന്നു.
ഇങ്ങനെ പഴയ സിദ്ധാന്തങ്ങളെ അടിസ്ഥാനമാക്കി പുതിയവ ഉരുതിരിഞ്ഞുവന്നത് ശാസ്ത്രത്തിന്റെ ബാലഹീനതയല്ല മറിച്ച് ശക്തിയാണ്. പുതിയ അറിവുകളെ അംഗീകരിക്കുകയും പഴയവ എപ്പോഴും നിരീക്ഷണവിധേയമാക്കുകയും ചെയ്യുന്നതാണ് ശാസ്ത്രത്തിന്റെ രീതി. അങ്ങനെയാണ് ശാസ്ത്രം മുന്നോട്ട് കുതിക്കുന്നത്‌.




ശരിയാണെന്ന് ശാസ്ത്രം അംഗീകരിച്ച ധാരാളം തെളിവുകളുള്ള വസ്തുതയാണ് തിയറി അല്ലെങ്കിൽ സിദ്ധാന്തം. ശാസ്ത്രീയമായ രീതിയിടെയാണ് ഈ നിഗമനങ്ങളിൽ എത്തുന്നത്. ശാസ്ത്രീയമായ രീതികൾ എന്നതിനെ, യഥാർത്ഥത്തിൽ യുക്തിപൂർവ്വമായ രീതികൾ എന്ന് വിളിക്കുന്നതാണ് ശരി. ശാസ്ത്രം അവ അവലംബിക്കുന്നു എന്നുമാത്രം.
കപടശാസ്ത്രങ്ങൾ ഇത്തരം രീതികളിലൂടെ കടന്നുപോകുന്നില്ല. ഈ രീതിലൂടെ കടന്നുപോകാത്ത കണ്ടുപിടുത്തങ്ങളും,അവകാശവാദങ്ങളും പ്രവചനങ്ങളും പൊള്ളയാകാനാണ് സാധ്യത.
Source : mathrubhumi technology 26 September 2016

Wednesday, October 12, 2016

എന്താണ് മേഘസ്ഫോടനം ?...

ഉത്തരാഖണ്ഡിൽ അപ്രതീക്ഷിതമായുണ്ടായ മേഘവിസ്ഫോടനത്തിൽ നിരവധി പേർ മരണമടയുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്ത സംഭവമായിട്ട് ഈയിടെയാണ്. മേഘസ്ഫോടനം അല്ലെങ്കിൽ മേഘവിസ്‌ഫോടനം (cloud burst) എന്ന പ്രകൃതി ദുരന്തമാണ് നാശം വിതച്ചത്. വളരെ അപൂർവ്വമായി ഉണ്ടാകുന്ന പ്രതിഭാസമാണ് മേഘവിസ്‌ഫോടനം എങ്കിലും ഇതിന്റെ തീവ്രത എത്രത്തോളമാണെന്ന് നിർവചിക്കുക അസാധ്യം. മുൻകൂട്ടി പ്രവചിക്കാൻ കൂടി കഴിയാത്തതിനാൽ മനുഷ്യർക്ക് ഇതൊരു അപ്രതീക്ഷിത ദുരന്തം തന്നെയാണ്.




എന്താണ് മേഘസ്ഫോടനം

വളരെ കുറഞ്ഞ സമയത്തിനകം ഒരു പ്രദേശത്തുണ്ടാകുന്ന അതിശക്തമായ പേമാരിയാണ് മേഘസ്ഫോടനം (cloud burst) എന്നുപറയുന്നത്. നിമിഷങ്ങൾക്കൊണ്ട് മേഘസ്ഫോടനം ഉണ്ടാകുന്ന പ്രദേശം മുഴുവൻ വെള്ളപ്പൊക്കവും ഉരുൾപൊട്ടലും കൊണ്ട് നാശനഷ്ടങ്ങളുണ്ടാകും. കാറ്റും ഇടിയും മിന്നലും കൂടിയാകുന്നതോടെ ആ പ്രദേശം അക്ഷരാർത്ഥത്തിൽ പ്രളയമാകുന്നു. പൊതുവേ, മണിക്കൂറിൽ മൂന്ന് മില്ലീലിറ്ററിൽ കൂടുതൽ മഴ ഒരുസ്ഥലത്തു ലഭിച്ചാൽ, അതിനെ മേഘസ്ഫോടനം എന്നു പറയുന്നു.




എങ്ങനെയുണ്ടാകുന്നു.

മേഘങ്ങളുടെ കൂട്ടത്തിൽ ഏറ്റവും വലിപ്പമേറിയ ഇനമായ കുമുലോ നിംബസ് എന്ന മേഘങ്ങളാണ് മേഘസ്ഫോടനമുണ്ടാക്കുന്നത്. എല്ലാ കുമുലോ നിംബസ് മേഘങ്ങളും മേഘസ്ഫോടനമുണ്ടാക്കുന്നില്ല. മേഘസ്ഫോടത്തിന് കാരണമായ മേഘങ്ങൾക്ക് ചിലപ്രത്യേകതകൾ ഉണ്ടായിരിക്കും. ഈർപ്പം നിറഞ്ഞ ഒരു വായു പ്രവാഹം ഭൗമോപരിതലത്തിൽ നിന്ന് അന്തരീക്ഷത്തിന്റെ മുകൾ തട്ടിലേക്ക് ഉയരുകയും ഘനീഭവിക്കുകയും ചെയ്യുമോഴാണ് മേഘങ്ങൾ രൂപപ്പെടുന്നത്. എന്നാൽ കുമുലോ നിംബസ് മേഘങ്ങൾ രൂപപ്പെടുമ്പോൾ, അവ അന്തരീക്ഷത്തിന്റെ താഴേത്തട്ടിൽ നിന്ന് ആരംഭിച്ച് 15 കിലോമീറ്റർ ഉയരത്തിൽ വരെയെത്താം. തുലാമഴയുടെ സമയത്തും, കാലവർഷത്തിൽ വലിയ കാറ്റോടുകൂടിയ വലിയ മഴയുണ്ടാകുമ്പോഴും ഇത്തരം മേഘങ്ങളെ ചിലപ്പോഴൊക്കെ കേരളത്തിൽ കാണാം.




ഇത്തരത്തിൽ ഉണ്ടാകുന്ന കൂറ്റൻ കുമുലോ നിംബസ് മേഘങ്ങളാണ് മേഘസ്ഫോടനം ഉണ്ടാക്കുന്നത്. ഇത്തരം മേഘത്തിനുള്ളിൽ ശക്തമേറിയ വായുപ്രവാഹം വലിയ ചംക്രമണ രീതിയിൽ രൂപപ്പെടുന്നു. ഇതു മേഘത്തിന്റെ നടുഭാഗത്തുകൂടി മുകളിലേക്കുയരുന്നു. ഈ മേഘങ്ങളുടെ താഴെത്തട്ടിൽ ജലകണങ്ങളും, മുകളറ്റത്ത് ഐസ് ക്രിസ്റ്റലുകളും ഉണ്ടാക്കുക. അന്തരീക്ഷത്തിന്റെ മുകൾത്തട്ടിലേക്ക് വേഗത്തിൽ എത്തിക്കുന്ന കുമുലോ നിംബസ് മേഘങ്ങൾ ഇവരൂപപ്പെടുന്ന സ്ഥലത്തെ പ്രത്യേകതകൾ കാരണം പതിവിലും ഉയർന്ന അളവിൽ അന്തരീക്ഷ ഈർപ്പം വാഹിച്ചേക്കാം. ഭൗമാന്തരീക്ഷത്തിന്റെ പത്തുകിലോമീറ്ററിലും മുകളിലത്തെ താപനില -40 മുതൽ -60 വരെ ഡിഗ്രി സെൽഷ്യസ് ആണ്. ഇതുകാരണം ഈർപ്പം മഞ്ഞുകണങ്ങളായി മാറുന്നു.
ഈ കാറ്റിന്റെ മുകളിലേക്കുള്ള പ്രവാഹം കുറച്ച് ശമിക്കുന്നതോടുകൂടി, മഞ്ഞുകണങ്ങൾ ഭൂഗുരുത്വകർഷണത്തിൽ പെട്ട് താഴേക്ക് പതിക്കുന്നു. വലിയ മഞ്ഞുകണങ്ങൾ, കൂടുതൽ ചെറിയ കണങ്ങളാകുന്നു. ഭൂമിയുടെ ഉപരിതലത്തിനടുത്ത് എത്തുമ്പോൾ അന്തരീക്ഷ താപനില ഉയർന്നതായതിൽ മഞ്ഞുകണങ്ങൾ ജലതുള്ളികളായി മാറുന്നു. ഇത് ശക്തമായ പേമാരിയായി ഭൂമിയിൽ പതിക്കുന്നു.

(Source : മലയാളമനോര ജൂലൈ 5 2016)

Saturday, October 1, 2016

നമ്മുടെ നാട്ടുക്കിളികൾ എങ്ങോട്ട് പോയി ?

മനുഷ്യജീവിതം സുഖകരമാക്കുന്നത് ഇതര ജീവജാലങ്ങളുടെ കൂടി സാമിപ്യമാണെന്ന സത്യം മനുഷ്യൻ പൊതുവേ മറന്നു പോകാറുണ്ട്. സുഖകരമായ ജീവിതത്തിന്റെ പശ്ചാത്തലമൊരുക്കുന്നതിൽ സദാ വ്യാപൃതരാകുമെന്നതിനാലാണ് മറ്റു ജീവജാലങ്ങൾ നമ്മുടെ നിലനിൽപ്പിനെ എത്രത്തോളം സ്വാധീനിക്കുന്നുവെന്ന കാര്യം മറക്കാൻ ഇടയാക്കുന്നത്. 'കാട്ടിൽ കടുവില്ലാതായാൽ നാട്ടിൽ ഉറവുണ്ടാകില്ല' എന്ന പഴമൊഴി മനുഷ്യന്റെ നിലനിൽപ്പ് മറ്റു ജീവജാലങ്ങളുമായി എങ്ങനെ ബന്ധപ്പെടുന്നുവെന്നതിനെ ചൂണ്ടിക്കാണിക്കുന്നു. ഭക്ഷ്യ ശ്രംഖലയും ഭക്ഷ്യ സുരക്ഷയും പരസ്പരം കാണികോർത്ത ഭൂമിയുടെ ഏതാറ്റത്തു ജീവിക്കുന്ന മനുഷ്യർക്കും ഈ വളയത്തിൽ നിന്ന് പുറത്തു ചാടാൻ കഴിയില്ലെന്നതാണ് പഴയ ഈ പഴമൊഴി പറയുന്നത്.



     
ജീവിവർഗങ്ങളിലേറെയും അധിവസിക്കുന്നത് നിത്യഹരിതവനങ്ങളിലാണ്. കരയുടെ 20 ശതമാനം ഭാഗത്തെ നിത്യഹരിത വനങ്ങൾ നേരത്തെ സമ്പന്നമാക്കിയിരുന്നു വെന്നെങ്കിൽ ഇന്നത് ഏഴ് ശതമാനത്തിൽ താഴെയായി ചുരുങ്ങി. അമ്പതിലധികം രാജ്യങ്ങളിലായി വ്യാപിച്ചു കിടക്കുന്ന വനങ്ങളിൽ നിന്ന് ഇതിനകം ഒരിക്കലും ഒരിടത്തും കാണാൻ കഴിയാത്ത വിധം അപ്രത്യക്ഷമായിരിക്കുന്നത് എണ്ണിയാലൊടുങ്ങാത്തത്ര ജീവജാലങ്ങളാണ്. ഇവയുടെ തിരോധാനം എങ്ങനെ നമ്മുടെ ജീവിതത്തെ ബാധിക്കുന്നുവെന്ന് നമ്മുക്ക് മനസ്സിലാക്കാൻ ചിലപ്പോൾ ഇനിയും സമയമെടുത്തെന്ന് വരാം. ഇനി നമ്മുടെ നാട്ടിലേക്ക് വന്നാൽ കൺമുന്നിൽ നിന്ന് മായക്കാഴ്ച്ച പോലെ മറയുന്ന ജീവവൈവിദ്യങ്ങളുടെ എണ്ണം ദിനേനയെന്നോണം കൂടുകയാണ്. കേരളത്തിൽ 205 നട്ടെല്ലുള്ള ജീവിവർഗ്ഗങ്ങൾ വംശനാശ ഭീഷണിയിലാണെന്നാണ് പഠനം. ഇവയിൽ 23 ഇനങ്ങൾ അതീവ വംശനാശഭീഷണി നേരിടുന്നെങ്കിൽ 90 ഇനം വംശനാശഭീഷണി നേരിടുന്നവയുമാണ്. മൊത്തം 1,847 നട്ടെല്ലുള്ള ജീവികളിൽ386 ഇനങ്ങളും (36 ശതമാനം) കേരളത്തിലും പശ്ചിമഘട്ടത്തിലും മാത്രം കാണുന്നവയാണെന്നത് അതീവ ഗൗരവമർഹിക്കുന്നവയാണ്. നേരത്തെയുള്ളതിൽ നിന്ന് കൂടുതലായി അടുത്തകാലത്തായി ചുവന്ന പട്ടികയിൽ കേരളമുൾപ്പെടുന്ന പശ്ചിമഘട്ടത്തിലെ നിരവധി ജീവിവർഗ്ഗങ്ങൾ ഉൾപ്പെട്ടതായാണ് ഇതു സംബന്ധിച്ച നിരീക്ഷണങ്ങൾ ചൂണ്ടിക്കാട്ടുന്നത്. സസ്തനികളുടെ വിഭാഗത്തിൽ തീർത്തും കാണാതായിരിക്കുന്ന ഉരഗജീവിയായി മലബാർ വെരുകിനെയാണ് ചേർത്തിട്ടുള്ളത്. കന്യാകുമാരി മുതൽ വടക്കൻ കർണ്ണാടകയിലെ ഹൊന്നവർ വരെയുള്ള പശ്ചിമഘട്ട പ്രദേശങ്ങളിൽ യഥേഷ്ടമുണ്ടായിരുന്ന ജീവിയായിരുന്നു മലബാർ വെരുക്‌. 1978 മുതലാണ് ഈ ജീവിവർഗം അപ്രത്യക്ഷമായതായി ഐ യു സി എൻ പ്രഖ്യാപിച്ചത്. എന്നാൽ, 1980ലും 90ലും സംസ്ഥാനത്ത് മലബാർ വെരുക്കിന്റെ സാന്നിധ്യം കണ്ടെത്തി. പക്ഷേ, കഴിഞ്ഞ 20 വർഷത്തിലധികമായി ഈ ജീവിയുടെ സാന്നിധ്യം ഇല്ലാതായി. മൂന്നടിയോളം നീളം വെക്കുന്ന ആറ് കിലോയോളം തൂക്കം വരുന്ന വെരുകിന് 20 വർഷത്തെ ആയുസ്സാണുള്ളത്.
വനഭൂമി കുറഞ്ഞതും വേട്ടയാടിയതുമാണ് ഇവയുടെ നാശത്തിന് കാരണമായത്. ആന, സിംഹവാലൻ കുരങ്ങ്, കാട്ടുചുണ്ടലി, കാട്ടുനച്ചെലി, നെല്ലെലി, ഈനാംപേച്ചി, കാട്ടുനായ, ചെന്നായ, മീൻപൂച്ച, കടുവ, വരയാട് തുടങ്ങിയവയെല്ലാം വംശനാശത്തിന്റെ വക്കിലാണെന്ന് സർക്കാർ പഠനം വ്യക്തമാക്കുന്നു. ചാമ്പൽ അണ്ണാൻ, യൂറേഷ്യൻ നീർനായ, പുള്ളിപ്പുലി തുടങ്ങിയവ ഉടൻ അപകടത്തിലാകുന്ന ജീവികളായും കണക്കാക്കുന്നു. ഐ യു സി എൻ പ്രസിദ്ധീകരിച്ച 2015 ലെ പക്ഷികളുടെ റെഡ് ലിസ്റ്റ് പ്രകാരം 180 ഇനം പക്ഷികൾ ഭീഷണിയിലാണെന്ന് പറയുന്നു. 1994ൽ ഇത് 173 ആയിരുന്നു. 




കേരളത്തിൽ വയനാട്ടിലൊഴികെ കഴുകന്മാർ അപ്രത്യക്ഷമായതായുള്ള പഠനം അടുത്തിടെയാണ് പുറത്തു വന്നത്. മറയൂർ , മൂന്നാർ ഉൾപ്പെടെ തെക്കൻ മേഖലയിൽ സമീപകാലത്ത് 500നും1000ത്തിനും ഇടയിൽ കഴുകന്മാർക്ക് വംശനാശം സംഭവിച്ചു. വനത്തിന് സമീപത്തെ ജനവാസമേഖലയിലുള്ളവർ വന്യമൃഗങ്ങളിൽ നിന്ന് വന്യമൃഗങ്ങളെ സംരക്ഷിക്കുവാൻ വിഷവിത്തുകൾ വിതറാറുണ്ട്. ഇവ കഴുകാന്മാരുടെ വംശനാശത്തിന് കാരണമായി. കന്നുകാലികളിൽ കുത്തിവെക്കുന്ന ഡൈക്ലോഫെനിക്ക് എന്ന മരുന്നും കഴുകന്മാരുടെ വംശനാശത്തിന് വഴിതെളിച്ചിട്ടുണ്ട്. വേദനസംഹാരിയെന്നനിലയിലാണ് ഡൈക്ലോഫെനിക്ക് ഉപയോഗിക്കുന്നത്. മരുന്ന് കുത്തിവെച്ച കന്നുകാലികളുടെ മൃതശരീരങ്ങൾ ഭക്ഷിക്കുന്നതാണ് ഇവയുടെ നാശത്തിന് ഇടയാക്കിയത്. പക്ഷികളിൽ 50 ഇനങ്ങളെയാണ് ചുവന്ന പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. തലേക്കെട്ടൻ തിത്തിരി , ചുട്ടികഴുകൻ , തവിട്ടുകഴുകൻ എന്നിവയാണ് ഗുരുതരമായ വംശനാശത്തിന്റെ വക്കിലെത്തി നിൽക്കുന്ന പക്ഷികൾ. കാതിലക്കഴുകാൻ , തോട്ടിക്കഴുകൻ , തെക്കൻ ചിലുമിലുപ്പൻ , സന്ധ്യക്കിളി തുടങ്ങിയ പക്ഷികളും വംശനാശപ്പട്ടികയിലുണ്ട്. അടുത്ത് തന്നെ അപകടാവസ്ഥയിലാകുന്നത് 25 ഇനം പക്ഷികളാണെന്നും പ്രത്യേകം രേഖപ്പെടുത്തിയിട്ടുണ്ട്. സൂചിമുഖി , ഇലക്കുരുവി , നീലാക്കിളി പാറ്റപിടിയൻ , ചെറിയ മീൻ പരുന്ത് , കരിങ്കഴുകൻ , മലമുഴക്കി , ചേരക്കോഴി തുടങ്ങിയവയും ഇതിൽപ്പെടും. ഉരഗവർഗങ്ങളിൽ ചൂണ്ടൻ കടലാമായാണ് തീർത്തും കാണാതായിക്കൊണ്ടിരിക്കുന്ന ഒരു ജീവിവർഗം. ചൂരലാമ , കടലാമ , കാരാമ , ഭീമനാമ , ചിത്രയാമ എന്നിവയും നീലവായറൻ , മാരയരണ , വയനാടൻ മരപ്പല്ലി , കങ്കാരു ഓന്ത് എന്നിവയും വംശനാശ ഭീഷണി നേരിടുന്നവയാണ്. 12 ഇനം പാമ്പുകളിൽ മലപച്ചോലൻ പാമ്പ് , വയലറ്റ് പാമ്പ് എന്നിവ കാണാമറയത്താകുന്ന ജീവികളാണ്. തവളകളിൽ പത്ത്‌ ഇനങ്ങളെ പൂർണ്ണമായും കാണാതായിട്ടുണ്ട് കൈകാട്ടിത്തവള , മൂന്നാർ ഇലത്തവള , പുള്ളി പച്ചിലപ്പാറൻ , പച്ചക്കണ്ണി ഇലത്തവള തുടങ്ങിയവയാണ് അവ. കേരളത്തിൽ 53 ഇനം തവളകളെ വംശനാശ ഭീഷണി നേരിടുന്ന പട്ടികയിലുൾ പ്പെടുത്തിയിട്ടുണ്ട്. കാട് നഗരവത്കരണത്തിന് വഴിമാറി പോയപ്പോൾ നാട്ടുപക്ഷികളിലും പലതും അപ്രത്യക്ഷമായവയിലും വംശഭീഷണിയിൽ ഉൾപ്പെട്ടു. ഇന്നലെ വരെ വീട്ടുമുറ്റത്തു നാം കണ്ടിരുന്ന കിളികൾ നമ്മളറിയാതെയാണ് പറന്നകന്നത്. മേഘങ്ങളെ തൊട്ടുരുമ്മി ഭൂമിയിലേക്ക് പറന്നിറങ്ങുന്ന പക്ഷിക്കൂട്ടത്തിന്റെ സുന്ദരക്കാഴ്ചകൾ ഇനി എത്ര കാലമെന്ന് വൈകാതെ തിരിച്ചറിയും. രൂപത്തിലും നിറത്തിലും ശബ്ദത്തിലും വ്യത്യസ്ഥത പുലർത്തുന്ന പക്ഷികളെക്കൊണ്ട് സമ്പന്നമായിരുന്നു കേരളം. കാക്കമുതൽ സൈബീരിയൻ ദേശടനപക്ഷികൾ വരെ കേരളത്തിലെ പ്രകൃതിയുടെ വരപ്രസാദമാണ്. ലോകത്തിൽ ഏതാണ്ട് 8650 ഗണത്തിൽപ്പെട്ട പക്ഷികളുണ്ട്. മുങ്ങാം കോഴികളിൽ തുടങ്ങി പാമ്പറി ഫോർമസ് (കൂട് കെട്ടുന്ന പക്ഷികൾ) പക്ഷികൾ വരെ 27 കക്ഷികളിലായി തരം തിരിച്ചിട്ടുണ്ട്. ഇന്ത്യയിൽ ഇപ്പോൾ 20 കക്ഷികളിലും 75 ഗോത്രങ്ങളിലുമായി 1200 ഗണങ്ങളിൽ പെടുന്ന പക്ഷികളുണ്ട്. ഇതിൽ നല്ലൊരു പങ്ക് കേരളത്തിലെ പക്ഷിക്കൂട്ടത്തിൽപ്പെടും. 80 ഓളം ഇനത്തിൽ പെട്ട നാട്ടുപക്ഷികളെ സാധാരണമായി കേരളത്തിലെ നാട്ടിൻ പുറങ്ങളിൽ കണ്ടുവരുന്നു. എന്നാൽ എന്തുകൊണ്ടോ മുമ്പു സ്ഥിരമായി കാണാറുള്ള പലതും ഇപ്പോൾ അപൂർവ കാഴ്ചയായി. അങ്ങാടിക്കുരുവി , കരാടാൻ ചാത്തൻ , നാട്ട് ബുൾ ബുൾ , വണ്ണാത്തിപ്പുള്ള് , നാട്ടു മരംകൊത്തി , അയോറ , കൽമണ്ണാത്തി , തത്തച്ചിന്നൻ , വിഷിപക്ഷി , ഉപ്പൂപ്പൻ , കുളക്കോഴി , കാവി , പുള്ളിനത്ത് , കഴുകൻ തുടങ്ങിയ നാട്ടിൻപുറങ്ങളിൽ യഥേഷ്ടം കണ്ടിരുന്ന പക്ഷികളിൽ പലതിന്റെയും എണ്ണം ഗണ്യമായി കുറഞ്ഞു. ചിന്നൻകുട്ടുറുവൻ , ചെങ്കണ്ണി , മഞ്ഞക്കണ്ണി , ഒലോഞ്ഞാലി , ചെമ്പോത്ത് , ആറ്റക്കുരുവി , ചെറിയമീൻകൊത്തി , മീൻകൊത്തിച്ചാത്തൻ , പുള്ളിമീൻ കൊത്തി , നാട്ടുവേലിത്തത്ത , നാട്ടുമരംകൊത്തി , പനങ്കാക്ക , നാടൻ ഇലക്കിലി , ചെമ്പ്കൊട്ടി , നാട്ടുകുയിൽ , ഗരുഡൻ , വെള്ളി എറിയൻ , ചിന്നമുണ്ടി , പെരുമുണ്ടി , മഴക്കൊച്ച , പൊതപ്പൊട്ടൻ , നാടൻ താമരക്കോഴി , നാകമോഹൻ , കരിവായറൻ വാനമ്പാടി തുടങ്ങി നിരവധി പക്ഷികൾ നാട്ടുപക്ഷികളുടെ ഗണത്തിൽപ്പെടും. നാട്ടിൻപുറങ്ങളിലെ മരങ്ങളും കുളവും തോടും കാവും കൈതക്കാടും വള്ളിപ്പടർപ്പുകളുമെല്ലാം നശിപ്പിക്കപ്പെട്ടതാണ് പക്ഷികളുടെ തിരോദാനത്തിനുള്ള മുഖ്യ കാരണമായി ചൂണ്ടി കാണിക്കുന്നത്. മനുഷ്യവാസപ്രദേശങ്ങളിൽ യഥേഷ്ടം കണ്ടിരുന്ന പക്ഷികളുടെ ആവാസ വ്യവസ്ഥക്ക് അടുത്ത കാലത്ത് വൻതോതിൽ തന്നെയാണ് മങ്ങലേറ്റത്. പറമ്പുകളിലെ ഫലവൃക്ഷങ്ങൾ പാടെ അപ്രത്യക്ഷമായത് പക്ഷികളെ സാരമായിത്തന്നെ ബാധിച്ചു. ചെങ്കൽ കുന്നുകൾ വ്യാപകമായി ഇടിച്ചുനിരത്തുന്നതും തണ്ണീർത്തടങ്ങളും ചതുപ്പുനിലങ്ങളും മണ്ണിട്ട് മൂടപ്പെട്ടതെല്ലാം നാട്ടുപക്ഷികളുടെ തിരോധാനത്തിന് ആക്കം കൂട്ടി. നഗരമെന്നോ കാടെന്നോ വ്യത്യാസമില്ലാതെ എല്ലാ സ്ഥലങ്ങളിലും അതിവാസിച്ചിരുന്ന അങ്ങാടിക്കുരുവിയുടെ നിലനിൽപ്പ് പോലും ഭീഷണിയാകുന്ന സാഹചര്യമാണ് നിലവിലുള്ളത്. ധാന്യങ്ങൾ വിൽക്കുന്ന കടകളിലെ ചാക്കുകളിൽ കയറി തത്തിക്കളിക്കുകയും അവസരം കിട്ടുമ്പോൾ കൊക്ക് നിറയെ ധാന്യമെടുത്ത് പെട്ടന്ന് ധാന്യമെടുത്ത് പെട്ടന്ന് രക്ഷപ്പെടുകയും ചെയ്യുന്ന അങ്ങാടിക്കുരുവികളെ കാണാത്തവരുണ്ടാകുകയില്ല. 




പ്ലാസ്റ്റിക്ക് സഞ്ചിയിൽ ധാന്യങ്ങൾ പൊതിഞ്ഞു വിൽക്കുന്ന പ്രവണത കൂടിയതോടെ നേരത്തെ കണ്ടിരുന്ന പാലസ്ഥലങ്ങളിൽ നിന്നും കുരുവികൾ അപ്രത്യക്ഷമായി. കൂടുവെക്കാനുള്ള സാഹചര്യം ക്രമേണ ഇല്ലാതാവും ഇവയെ പ്രതികൂലമായി ബാധിച്ചു. ഭക്ഷണ ലഭ്യതയിലുള്ള കുറവാണ് ചില പക്ഷികളുടെ ശോഷണത്തിന് കാരണം. ചക്കയും മാങ്ങയും പോലുള്ള ഫലങ്ങൾ തീർത്തുമില്ലാതായും കായ്ഫലമുള്ള ചെടികളും വൃക്ഷങ്ങളും അപ്രത്യക്ഷമായതും നാട്ടുപക്ഷികൾക്ക് ഭക്ഷണമില്ലാത്ത അവസ്ഥയുണ്ടാക്കി. പരുത്തിയും ചിലന്തി വലയുമുപയോഗിച്ച് ഇലത്തുന്നി കൂടുണ്ടാക്കുന്ന തുന്നാരൻ പക്ഷിയെപ്പോലുള്ളവർക്ക് വലിയ ഇലകളുടെയും മറ്റും അഭാവം വിനയായി. വീട്ടുവളപ്പിലെ കുട്ടിക്കാടുകൾ നിശേഷം ഇല്ലാതായത് ഇത്തരം പക്ഷികൾക്ക് കെണിയൊരുക്കി. കാവാലൻ കിളി , മാടത്ത എന്നീ പേരിലറിയപ്പെടുന്ന നാട്ടുമൈനക്കും കൂടൊരുക്കാനുള്ള സാഹചര്യം പുതിയ കാലത്ത് നഷ്ടപ്പെട്ടു. ഇവ ഇരതേടുന്ന പാടങ്ങളിൽ കീടനാശിനി പ്രയോഗം വർധിച്ചതും പക്ഷികളുടെ നിലനിൽപ്പിനെ സാരമായി ബാധിച്ചു. രാജ്യസ്ഥാനിലെയും ഗുജറാത്തിലെയും മരുപ്രദേശങ്ങളൊഴിച്ച് ഇന്ത്യയിലെല്ലായിടത്തും കണ്ടിരുന്ന വിഷുപക്ഷി കേരളത്തിൽ അപൂർവ കാഴ്ചയായതിനുള്ള ഒരു കാരണം വൃക്ഷങ്ങളുടെ വ്യാപകമായ നാശം തന്നെയാണ്. 1972ലെ വന്യജീവി സംരക്ഷണ നിയമപ്രകാരം വന്യജീവികളുടെയും വനങ്ങളുടെയും സംരക്ഷണത്തിനായി 15 വന്യജീവി സങ്കേതങ്ങളും അഞ്ചു ദേശിയോദ്യാനങ്ങളും രണ്ട് കടുവ സങ്കേതങ്ങളും രണ്ട് കമ്യൂണിറ്റി റിസർവുമുൾപ്പെടെ 23 സംരക്ഷിത വനപ്രദേശങ്ങൾ സംസ്ഥാനത്തുണ്ടെങ്കിലും വംശനാശ ഭീഷണി നേരിടുന്ന ജീവികളുടെയെണ്ണം ഓരോ വർഷവും കൂടിക്കൊണ്ടിരിക്കുകയാണെന്നാണ് പഠനങ്ങൾ വ്യക്തമാക്കുന്നത്.
source : siraj  15 august 2016

ബാക്ടീരിയയുടെ പ്രോട്ടീൻ ഘടന കണ്ടെത്തി

ആന്റിബയോട്ടിക്കുകളെ ചെറുക്കുന്ന സൂപ്പർബർഗ് ബാക്ടീരിയയുടെ പ്രോട്ടീൻ ഘടന ശാസ്ത്രജ്ഞർ കണ്ടെത്തി. ചികിൽത്സരംഗത്ത് നിർണ്ണായക വഴിത്തിരിവിന് ...