Sunday, February 11, 2018

എവറസ്റ്റിന്റെ ഉയരം കുറഞ്ഞുവേ?....വീണ്ടും അളക്കുമെന്നു ശാസ്ത്രജ്ഞർ

 
എവറസ്റ്റിന്റെ ഉയരം വീണ്ടും അളക്കുമെന്നു ശാസ്ത്രജ്ഞർ. രണ്ടുവർഷം മുമ്പുണ്ടായ നേപ്പാളിലെ ഭൂകമ്പത്തിൽ ഭൂഗർഭപാലികളുടെ സ്ഥാനചലനം മൂലം ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടിയായ എവറസ്റ്റ് താഴേക്കിരുന്നതായി ഒരു വിഭാഗം ശാസ്ത്രജ്ഞന്മാർ സംശയം ഉന്നയിച്ചതിനെ തുടർന്നാണിത്.
സർവ്വേ ഓഫ് ഇന്ത്യയുടെ കണക്ക് പ്രകാരം 29,028 അടിയാണ് എവറസ്റ്റിന്റെ ഉയരം. ഇതു കൃത്യമായ കണക്കാണ്. വീണ്ടും ഉയരം അളക്കുന്നത് ഭൂഗർഭപാലികളുടെ ചലനം അടക്കമുള്ള ശാസ്ത്രഗവേഷണങ്ങൾക്ക്കൂടി സഹായകരമാകുമെന്നതിനാലാണെന്ന് സർവേയർ ജനറൽ സ്വർണ ശുഭ റാവു പറഞ്ഞു.
ഇതിനായി സർവേ ഓഫ് ഇന്ത്യ വിദഗ്ധ സംഘത്തെ അയക്കും. ഒന്നരമാസം കൊണ്ട് ഉയരമളക്കൽ നടപടി പൂർത്തീകരിക്കാനാകുമെന്നാണ് പ്രതീക്ഷ.
(സോഴ്സ് : അന്വേഷണം. കോം 25.1.2017)

എന്താണ് സ്റ്റാൻഡേഡ് മോഡൽ

ചിലപ്പോഴൊക്കെ പുതിയ അറിവുകളോളം തന്നെ ആവേശകരമാണ് നിലവിലുള്ള അറിവുകളുടെ സ്ഥിരീകരണവും. പ്രത്യേകിച്ച് സദാ സ്വയംപരിഷ്കരണത്തിന് സന്നദ്ധമായി നിൽക്കുന്ന ശാസ്ത്രത്തിൽ. ലാർജ് ഹാഡ്രോൺ കൊളൈഡർ (LHC) എന്ന, ഇന്ന് ലോകത്തിലെ ഏറ്റവും വലിയ പരീക്ഷണശാലയിൽ നിന്ന് വരുന്ന സൂചനകൾ അത്തരത്തിലുള്ള ഒന്നാണ്. കണികാഭൗതികത്തിലെ ഏറ്റവും പ്രധാന സിദ്ധാന്തമായ സ്റ്റാൻഡേഡ് മോഡലിനെ ശരിവെയ്ക്കുന്ന കണ്ടെത്തലാണ് ഇപ്പോൾ വാർത്തയായിരിയ്ക്കുന്നത്. ഇതേ പറ്റി വൈശാഖന്‍ തമ്പി എഴുതുന്നു ….
എന്താണ് സ്റ്റാൻഡേഡ് മോഡൽ 
നമ്മുടെ ദ്രവ്യ പ്രപഞ്ചത്തിനെ എന്തുകൊണ്ട് നിർമിച്ചിരിയ്ക്കുന്നു എന്ന ചോദ്യത്തിന് ഉത്തരം തരാൻ ശ്രമിയ്ക്കുന്ന സിദ്ധാന്തമാതൃകയാണ് സ്റ്റാൻഡേഡ് മോഡൽ. ഒരുകൂട്ടം കണികകളുടെ രൂപത്തിൽ നാം കാണുന്ന ദ്രവ്യത്തെ വിശദീകരിക്കാനാണ് അത് ശ്രമിയ്ക്കുന്നത്. അവയെ മൗലിക കണങ്ങൾ എന്ന് വിളിയ്ക്കാം. അതായത്, അവയാണ് മറ്റ് സകലതിന്റേയും നിർമാണ ഘടകങ്ങൾ. അവയെ മറ്റൊന്നും കൊണ്ട് നിർമിക്കപ്പെട്ടിരിയ്ക്കുന്നില്ല, അവയ്ക്ക് ഒരു ആന്തരിക ഘടനയും ഇല്ല.
മൊത്തം പതിനേഴ് കണങ്ങള്‍ ചേര്‍ന്നതാണ് സ്റ്റാഡേര്‍ഡ് മോഡലിലെ ‘പാര്‍ട്ടിക്കിള്‍ കമ്മിറ്റി’. മനസ്സിലാക്കാനുള്ള എളുപ്പത്തിന് ഇവയെ രണ്ട് ഗ്രൂപ്പുകളാക്കി തിരിക്കാം. ഇതില്‍ ഒരു കൂട്ടര്‍ ദ്രവ്യത്തിന്റെ കണങ്ങളാണ് (matter particles). മറ്റേ കൂട്ടരാകട്ടെ ദ്രവ്യത്തെ പരസ്പരം ബന്ധിപ്പിക്കുന്ന ബലങ്ങളുടെ കണങ്ങളാണ് (force particles). ഇവരില്‍ ദ്രവ്യകണങ്ങളെ ഫെര്‍മിയോണുകള്‍ (Fermions) എന്നും ബലകണങ്ങളെ ബോസോണുകള്‍ (Bosons) എന്നും വിളിക്കുന്നു. യഥാക്രമം എൻറിക്കോ ഫെർമി, ഇൻഡ്യൻ ശാസ്ത്രജ്ഞനായിരുന്ന സത്യേന്ദ്രനാഥ് ബോസ് എന്നീ ശാസ്ത്രജ്ഞരോടുള്ള ബഹുമാനാർത്ഥമാണ് ഈ പേരുകൾ നൽകപ്പെട്ടിരിക്കുന്നത്.
ദ്രവ്യം നിര്‍മ്മിക്കുന്നതിനുള്ള ഇഷ്ടികകള്‍ ആണ് ഫെര്‍മിയോണുകൾ എങ്കിലും അവയിൽ സ്വതന്ത്രമായി നിലനില്പുള്ള കണങ്ങളും അല്ലാത്തവയും ഉണ്ട്. ലെപ്റ്റോണുകൾ, ക്വാര്‍ക്കുകൾ എന്നിങ്ങനെയാണ് അവയുടെ യഥാക്രമമുള്ള പേരുകൾ. ഇലക്ട്രോൺ ഒരു ലെപ്റ്റോൺ ആണ്. ഇത് കൂടാതെ മ്യൂവോണ്‍ (muon), ടോ ലെപ്റ്റോണ്‍ (tau lepton) എന്നീ രണ്ട് കണങ്ങളും, ഈ മൂന്നിനോടും അനുബന്ധമായിട്ടെന്നപോലെ ഉള്ള മൂന്ന്‍ തരം ന്യൂട്രിനോകളും ഉണ്ട് (ഇലക്ട്രോണ്‍ ന്യൂട്രിനോ, മ്യൂവോണ്‍ ന്യൂട്രിനോ, ടോ ന്യൂട്രിനോ). സ്വതന്ത്രമായ നിലനില്പില്ലാത്ത ക്വാര്‍ക്കുകള്‍ രണ്ടോ മൂന്നോ എണ്ണം ചേര്‍ന്ന മിശ്രകണങ്ങള്‍ (composite particles) ആയിട്ടാണ് എപ്പോഴും കാണപ്പെടുന്നത്. അങ്ങനെ ഒന്നിലധികം ക്വാര്‍ക്കുകള്‍ ചേര്‍ന്ന് ഉണ്ടാകുന്ന മിശ്രകണങ്ങള്‍ക്ക് ഹാഡ്രോണുകള്‍ എന്ന് വിളിയ്ക്കും. ക്വാര്‍ക്കുകള്‍ ആറ് തരത്തിലുണ്ട്. അപ്, ഡൗൺ, ചാം, സ്ട്രെയ്ഞ്ച്, ടോപ്, ബോട്ടം (Up, Down, Charm, Strange, Top, Bottom) എന്നിങ്ങനെ രസകരമായ പേരുകളാണ് അവയ്ക്ക് നൽകപ്പെട്ടിരിക്കുന്നത്. ഈ പേരുകളെ ഒന്നും അവയുടെ ഇംഗ്ലീഷ് ഡിക്ഷ്ണറിയില്‍ ഉള്ള അര്‍ത്ഥവുമായി ബന്ധിപ്പിച്ചുകളയരുത്.
Up ക്വാര്‍ക്ക് ഏതെങ്കിലും രീതിയില്‍ മുകളിലോ Strange ക്വാര്‍ക്ക് ഏതെങ്കിലും രീതിയില്‍ വിചിത്രമോ ഒന്നുമല്ല. അച്ചു, കിച്ചു, സച്ചു, മിച്ചു, സഞ്ചു, കുഞ്ചു എന്ന്‍ വിളിക്കുന്നതില്‍ നിന്നും ഒട്ടും വ്യത്യസ്തമല്ല ഈ Up, Down തുടങ്ങിയ വിളികള്‍. രണ്ട് അപ് ക്വാര്‍ക്കുകളും ഒരു ഡൗൺ ക്വാര്‍ക്കും ചേർന്നുണ്ടാകുന്ന ഹാഡ്രോണാണ് നമ്മുടെ പ്രോട്ടോണ്‍. അതുപോലെ രണ്ട് ഡൗൺ ക്വാര്‍ക്കുകളും ഒരു അപ് ക്വാര്‍ക്കും ചേരുമ്പോള്‍ ഒരു ന്യൂട്രോണ്‍ ഉണ്ടാവുന്നു. അപ്, ഡൗൺ എന്നീ രണ്ട് ക്വാർക്കുകളൊഴികേ ബാക്കിയെല്ലാം അത്യധികം കൂടിയ ഊർജനിലകളിൽ മാത്രം സ്ഥിരതയുള്ള കണങ്ങളാണ്. അല്ലാത്തപ്പോൾ അവ സ്വയം മാറ്റത്തിന് വിധേയമായി അപ്, ഡൗൺ ക്വാർക്കുകളായി മാറും. അതുകൊണ്ട് തന്നെ നാം പൊതുവേ ദ്രവ്യം എന്ന് വിളിക്കുന്ന ഒന്നിലും മറ്റ് ക്വാർക്കുകൾ ഉണ്ടാവില്ല.
ഫെര്‍മിയോണുകള്‍ ദ്രവ്യത്തെ നിര്‍മ്മിക്കാന്‍ ഉപയോഗിക്കപ്പെടുന്നു എന്ന്‍ നേരത്തെ പറഞ്ഞെങ്കിലും ദ്രവ്യകണങ്ങൾക്ക് മാത്രമായി അത് സാധ്യമല്ല. അവയെ കൂട്ടിനിര്‍ത്തി ഈ പ്രപഞ്ചം നിര്‍മ്മിക്കുന്നതിന് അവയ്ക്കിടയിൽ ചില ബലങ്ങൾ പ്രവർത്തിക്കേണ്ടതുണ്ട്. അടിസ്ഥാനബലങ്ങൾ (fundamental interactions) എന്നാണ് അവയെ വിളിക്കുന്നത്. അവ നാലെണ്ണമുണ്ട്-
  1. വൈദ്യുതകാന്തിക ബലം (Electromagnetic interaction)
  2. സുശക്തബലം (Strong interaction)
  3. അശക്തബലം (Weak interaction)
  4.  ഗുരുത്വബലം (Gravitational interaction).
രണ്ടു ദ്രവ്യകണങ്ങള്‍ തമ്മില്‍ ഇവയിൽ ഏതെങ്കിലും ഒരു പ്രത്യേക ബലം വഴി പ്രതിപ്രവര്‍ത്തിക്കുമ്പോള്‍ ചില ‘ബ്രോക്കര്‍ കണങ്ങള്‍’ ഇവര്‍ക്കിടയില്‍ കൈമാറ്റം ചെയ്യപ്പെടുന്നുണ്ട്. ഈ ബ്രോക്കര്‍മാരെ ഗേജ് ബോസോണുകള്‍ (gauge bosons) എന്ന്‍ പറയും. ഓരോ തരം ബലത്തിനും അവയുടേതായ ഗേജ് ബോസോണുകൾ ഉണ്ട്. തങ്ങളുടേതല്ലാത്ത മറ്റ് ബലങ്ങളിൽ അവ ഇടപെടില്ല. ഇക്കൂട്ടത്തിൽ വൈദ്യുതകാന്തിക ബലവും ഗുരുത്വാകർഷണ ബലവും മാത്രമേ നിത്യജീവിതത്തിൽ നമുക്ക് അനുഭവിയ്ക്കാൻ കഴിയൂ. മറ്റ് രണ്ടും ഒരു ആറ്റത്തിന്റെ ന്യൂക്ലിയസ്സിനോളം ചെറിയ ദൂരപരിധികളിൽ മാത്രം സ്വാധീനമുള്ള ഹ്രസ്വദൂര ബലങ്ങളാണ്.

LHC യില്‍ നടക്കുന്നത്

പേര് സൂചിപ്പിക്കുന്നത് പോലെ ഹാഡ്രോണുകൾ തമ്മിലുള്ള കൂട്ടിയിടി (collision) ആണ് കണികാ പരീക്ഷണശാലയിൽ ആത്യന്തികമായി നടക്കുന്നത്. ഹാഡ്രോണുകൾ എന്നാൽ ക്വാർക്കുകൾ തമ്മിൽ ചേർന്നുണ്ടാകുന്ന മിശ്രകണങ്ങളാണെന്ന് പറഞ്ഞുവല്ലോ. ക്വാർക്കുകൾക്ക് സ്വതന്തരമായ നിലനില്പില്ല, അവയെ നേരത്തേ പറഞ്ഞ സശക്തബലം ഒന്നിച്ച് നിർത്തുന്നു. ഈ ബന്ധനം പൊട്ടിച്ചാൽ മാത്രമേ ക്വാർക്കുകളെ കുറിച്ചും അവയുടെ പരസ്പര ബന്ധത്തെ കുറിച്ചും മനസിലാക്കാനാകൂ. അതിന് അത്രയധികം ഉയർന്ന ഊർജനിലകളിലേയ്ക്ക് അവയെ എത്തിയ്ക്കേണ്ടതുണ്ട്. കണികകളെ അതിവേഗത്തിൽ പായിച്ച് കൂട്ടിയിടിപ്പിക്കുന്നതിന്റെ ഉദ്ദേശ്യവും ഇതാണ്.



രണ്ട് ഹാഡ്രോണുകൾ ഉന്നത ഊർജനിലയിൽ കൂട്ടിയിടിക്കുമ്പോൾ അവയിലെ ക്വാർക്കുകളോ, സശക്തബലത്തിന്റെ ബ്രോക്കർ കണങ്ങളായ ഗ്ലുവോണുകളോ ചിതറി തെറിയ്ക്കും. ഇവ ജെറ്റ് പോലെ കൂട്ടിയിടി നടന്ന ഭാഗത്ത് നിന്ന് പുറത്തേയ്ക്ക് പ്രവഹിയ്ക്കുകയാകും ചെയ്യുക. ഇങ്ങനെയുണ്ടാകുന്ന കണികാ ജെറ്റുകളുടെ സ്ഥാനവും ഊർജനിലയുമൊക്കെ സൈദ്ധാന്തികമായി പ്രവചിയ്ക്കാൻ സാധിയ്ക്കും. പരീക്ഷണശാലയിൽ നിരീക്ഷിയ്ക്കുന്ന കണികാജെറ്റുകളുടെ ഭൗതികസവിശേഷതകളുമായി അത് യോജിച്ചുപോകുന്നുണ്ടോ എന്നാണ് പരിശോധിയ്ക്കേണ്ടത്. അങ്ങനെ യോജിച്ചാൽ നമ്മുടെ സിദ്ധാന്തമാതൃക ശരിയാണെന്ന് വേണമല്ലോ അനുമാനിയ്ക്കാൻ.
മുൻപ് താരതമ്യേന താഴ്ന്ന ഊർജനിലകളിൽ നടത്തിയ പരീക്ഷണങ്ങളുടെ ഫലം സൈദ്ധാന്തിക പ്രവചനങ്ങളോട് ഒത്തുപോകുന്നവ തന്നെയായിരുന്നു. ഇപ്പോൾ ഉയർന്ന ഊർജനിലകളിലും അതേ കൃത്യതയോടെ സൈദ്ധാന്തിക പ്രവചനങ്ങൾ ശരിവെയ്ക്കപ്പെടുന്നതായിട്ടാണ് LHC-യിൽ നിന്നുള്ള റിപ്പോർട്ട്. സ്റ്റാൻഡേഡ് മോഡലിന്റെ വക്താക്കൾക്ക് ഇത് കൂടുതൽ ഊർജവും ആവേശവും പകരുന്നുണ്ട്. ദോഷൈകദൃക്കുകൾക്ക് വേണമെങ്കിൽ, പുതിയതായി ഒന്നും കണ്ടെത്താൽ കഴിഞ്ഞില്ലല്ലോ എന്ന് നിരാശപ്പെടുകയും ആവാം.
(Source : http://luca.co.in/lhc-news/)

Sunday, February 4, 2018

മഹാത്മാഗാന്ധിയുടെ അവസാന നിമിശത്തെക്കുറിച്ച് ദൃക്സാക്ഷിയായ 'കെ. ഡി മദൻ'.

മൂന്നാമതും വെടിയുതിർത്ത് നാഥൂറാം വിനായക്റാവു ഗോഡ്സെ നിശ്ചലനായി നിന്നു; മഹാത്മാവ് നിലത്തേക്കു വീണ് പിടഞ്ഞു! 70 വർഷം മുൻപ് തന്റെ കൺമുന്നിൽ കണ്ട കാഴ്ച കെ.ഡി. മദന്റെ മനസ്സിൽ നിന്ന് ഇനിയും മാഞ്ഞിട്ടില്ല.
   തെണ്ണൂറ്റി മൂന്നാം വയസ്സിൽ ഡൽഹി വ സന്ത് വിഹാറിലെ വസതിയിലിരുന്ന് വിറയാർന്ന ശബ്ദത്തിൽ മദൻ പറഞ്ഞു; ആ കാഴ്ച എന്നെ വിട്ടു പോകില്ല. മറക്കാൻ ശ്രമിക്കുന്തോറും മനസ്സിൽ ആഴത്തിൽ പതിയുകയാണത്.
  ഡൽഹിയിലെ ബിർള ഹൗസിൽ രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധി വെടിയേറ്റു വീണതിനു ദൃക്സാക്ഷിയാണ് മദൻ. ആ ദാരുണ സം
ഭവം നേരിൽ കണ്ടവരിൽ ഇന്നു ജീവിച്ചിരിക്കുന്ന അപൂർവ്വം പേരിൽ ഒരാൾ!
കെ.ഡി മദന്‍

ഓർമ്മയിൽ മുഴങ്ങുന്ന വെടിയൊച്ച

ഇന്ത്യയുടെ ചരിത്രത്താളിൽ ചോരയുടെ നിറം കൊണ്ടെഴുതിയ തീയതിയാണ് 1948 ജനുവരി 30. ഗാന്ധിജിയുടെ രക്തസാക്ഷിത്വത്തിന് 70 വയസ്സ് തികയുമ്പോൾ, മദന്റെ കാതകളിൽ ഇന്നും മുഴങ്ങുന്നു; ആ മൂന്ന് വെടിയെച്ച
  ഓൾ ഇന്ത്യ റേഡിയോയിൽ ( ആകാശവാണി ) പ്രോഗ്രാം ചുമതലക്കാരനിയിരുന്നു മദൻ. ബിർള ഹൗസിൽ എല്ലാ വൈകുന്നേരങ്ങളിലുമുള്ള സർവ്വ മത പ്രാർഥനയ്ക്ക് ശേഷം ഗാന്ധിജി നടത്തുന്ന ഹ്രസ്വ പ്രസംഗം റെക്കോർഡ് ചെയ്ത് രാജ്യത്തെക്കേൾപ്പിക്കാൻ എ ഐആർ തീരുമാനിച്ചുപ്പോൾ, അതിന്റെ ചുമതല ഇരുപത്തി മൂന്ന്കാരനായ മദനെത്തേടിയെത്തി.1947 സെപ്റ്റംബറിലാണു റെക്കോർഡിങ് ഉപകരണങ്ങളുമായി മദൻ ആദ്യമായി ബിർള ഹൗസിലെത്തുന്നത്. അന്ന് മുതൽ, ഒരു ദിവസം പോലും മുടക്കാതെ ഗാന്ധിജിയുടെ വാക്കുകൾ അദ്ദേഹം രാജ്യത്തിന്റെ കാതുകളിലെത്തിച്ചു ദിവസവും രാത്രി എട്ടരയ്ക്കായിരുന്നു പ്രക്ഷേപണം.
  1948 ജനുവരി 30, രാത്രി 8.30 അന്ന് ഗാന്ധിജിയുടെ പ്രസംഗമല്ല രാജ്യം കോട്ടത്; പകരം, പ്രധാനമന്ത്രി ജവഹർലാൽ നെഹ്റുവിന്റെ ശബ്ദം കണ്ണീരോടെ രാജ്യം ശ്രവിച്ചു;  'നമ്മുടെ ജീവിതത്തിലെ പ്രകാശം നമ്മെ വിട്ട് പോയി'! ജീവിതത്തിലെ ഏറ്റവും ദുഃഖകരമായ പ്രസംഗം നെഹ്റു നടത്തമ്പോൾ, അതു രാജ്യത്തെ കേൾപ്പിക്കാനുള്ള നിയോഗവും മദനായിരുന്നു.
  രാഷ്ട്രപിതാവിന്റെ അന്ത്യദിനത്തിലെ ഒരോ നിമിഷവും അദ്ദേഹത്തിന്റെയുള്ളിൽ മായാതെയുണ്ട്. മനസ്സിൽ കറുത്ത മഷി കൊണ്ടു കുറിച്ചിട്ട ആ ദിനത്തിലേക്കു മദൻ വീണ്ടും നടന്നു കയറി.

1948 ജനുവരി 30, വെള്ളിയാഴ്ച, ബിർള ഹൗസ്, വൈകിട്ട് നാലര

എന്നും നാലരയോടെയാണു ഞാൻ ബിർള ഹൗസിലെത്തിയിരുന്നത്. അന്നും പതിവ് തെറ്റിച്ചില്ല. സ്ഥാപനത്തിലെ ടെക്നീഷ്യനും ഒപ്പമുണ്ടായിരുന്നു.ഗാന്ധിജി ഇരിക്കുന്ന പീoത്തിനു പിന്നിലായിരുന്നു ഞങ്ങളുടെ സ്ഥാനം. റെക്കോർഡിങ്ങിനുള്ള ഉപകരണങ്ങൾ ഞങ്ങൾ അവിടെ സജ്ജമാക്കി. ഗാന്ധിജി പ്രാർത്ഥനയ്ക്കെത്തുന്നത് അഞ്ചിനാണ്. പ്രാർത്ഥനയിൽ പങ്കുചേരാനുള്ളവർ അവിടേക്ക് എത്തിക്കൊണ്ടിരുന്നു. അന്ന് സമയം അഞ്ചായിട്ടും ഗാന്ധിജിയെ കണ്ടില്ല. യാത്രയുള്ള ദിവസങ്ങളിൽ തലേന്നു തന്നെ ഗാന്ധിജി അടുത്ത് വിളിച്ച് പറയുമായിരുന്നു; നാളെ ഉണ്ടാവില്ല എന്ന്. റെക്കോർഡിങ് ഉപകരണങ്ങളുമായി ദിവസേനയെത്തുന്ന എന്നോടുള്ള കരുതലായിരുന്നു ആ വാക്കുകൾ. അന്ന്, പതിപ് സമയം കഴിഞ്ഞിട്ടും കാണാതായപ്പോൾ, അവിടെയുള്ളവരോട് അന്വേഷിച്ചു. ബിർള ഹൗസിലെ മുറിയിൽ സർദാർ വല്ലഭ്ഭായ് പട്ടേലുമായി അദ്ദേഹം സംഭാഷണത്തിലാണെന്നറിഞ്ഞു.
  സമയം 5.15 : മനു ബെൻ, ആഭഎന്നിവരുടെ തോളിൽ കയ്യിട്ടു ഗാന്ധിജി മുറിയിൽ നിന്നിറങ്ങി. വൈകിയത് കൊണ്ടാകണം, പതിവിലും അല്പം ധൃതിയോടെ അദ്ദേഹം നടന്നു. പ്രാർത്ഥനയ്ക്കെത്തിയവർ അദ്ദേഹത്തിന്റെ പേര് വിളിക്കുന്നത് കേൾക്കാമായിരുന്നു. റെക്കോർഡിങ് ഉപകരണങ്ങൾ ശരിയായി പ്രവർത്തിക്കുന്നുണ്ടോ എന്ന അവസാനവട്ട പരിശോധനയിൽ ഞാൻ മുഴുകി.
  പെട്ടന്നാണ് അത് കേട്ടത്;ചെറു സ്ഫോടനം പോലുള്ള ശബ്ദം. ആരെങ്കിലും പടക്കr പൊട്ടിച്ചതാകാമെന്നു കരുതി ഞാൻ ഗൗനിക്കാതെ ജോലി തുടർന്നു. അടുത്ത നിമിഷം അതു വീണ്ടും കേട്ടു. ഞെട്ടലോടെ തിരിഞ്ഞ് നോക്കിയപ്പോൾ കണ്ട കാഴ്ചയിൽ ഞാൻ വിറങ്ങലിച്ചു നിന്നു. ഗാന്ധിജിയുടെ മുന്നിൽ നിൽക്കുന്നയാൾ മൂന്നാമതും തോക്കിന്റെ കാഞ്ചി വലിച്ചു. വെടിയുണ്ട ഗാന്ധിജിയുടെ നെഞ്ച് തുളച്ചുകയറി.

അപ്പോൾ സമയം: 5.17

മൂന്നാമത്തെ വെടിയേറ്റാണു ഗാന്ധി പിന്നിലേക്ക് വീണത്. പരിസരമാകെ ആക്രോശവും നിലവിളികളുമുയർന്നു. പുകച്ചുരുൾ മൂടിയ തോക്കുമായി നിന്ന നാഥൂറാം ഗോഡ്സെയെ ചിലർ ചേർന്ന് കീഴ്പ്പെടുത്തി. അയാൾ പ്രതിരോധിക്കാൻ ശ്രമിച്ചില്ല. ഗാന്ധിജി വീണിടമാകെ ചേരയിൽ മുങ്ങി. മുടി നീട്ടി വളർത്തിയ ഒരാൾ ഗാന്ധിജിയെ ഒറ്റയ്ക്കു കൈകളിലെടുത്തു ബിർള ഹൗസിലെ മുറിയിലേക്കോടി. പിന്നാലെ നൂറുകണക്കിനാളുകളും.

ബ്രേക്കിങ് ന്യൂസ്; മഹാത്മാവ് ഇനിയില്ല

എന്തു ചെയ്യണമെന്നറിയാതെ ഞാൻ പകച്ചു നിന്നു. വിവരമറിഞ്ഞ് എഐർ ന്യൂസ് വിഭാഗത്തിന്റെ ചുമതലയുള്ള എം.എൽ.ചാവ്ള ഓടിയെത്തി. ഇതെങ്ങെനെ സംഭവിച്ചു എന്ന ചേദ്യവുമായി അദ്ദേഹം എന്റെ നേർക്ക് പാഞ്ഞു. വിവരം റേഡിയോയിലൂടെ രാജ്യത്തെ അറിയിക്കാൻ അദ്ദേഹം നടപടി തുടങ്ങി.
  6.10 ന് ആ ദുഃഖ വാർത്ത രാജ്യത്തിന്റെ കാതുകളിലെത്തി. എന്നാൽ, ഞങ്ങളേക്കാൾ മുൻപ്, ആറു മണിക്ക് ബിബിസി ഗാന്ധിജിയുടെ മരണം ലോകത്തെ അറിയിച്ചുവെന്നു പിന്നീട് അറിഞ്ഞു. ( ബിബിസിയുടെ ഡൽഹി ലേഖകൻ ബോബ് സ്റ്റിംസൺ അന്ന് അവിടെയുണണ്ടായിരുന്നു.)

ഡൽഹി ഉറങ്ങാത്ത രാത്രി

വിവരമറിഞ്ഞെത്തിയ പ്രമുഖരിൽ ആദ്യത്തെയാൾ ഗവർണർ ജനറൽ മൗണ്ട് ബാറ്റൻ ആയിരുന്നു. നെഹ്റു, സർദാർ വല്ലഭ്ഭായ് പട്ടേൽ എന്നിവർ പിന്നാലെയെത്തി. എല്ലാവരും ഗാന്ധിജിയെ കടത്തിയ മുറിയിലേക്കോടി. നിമിഷനേരം കൊണ്ട് ബിർള ഹൗസ് പരിസരം ജനസാഗരമായി. സത്രീകളുൾപ്പടെ കരഞ്ഞുകൊണ്ട് അവിടേക്കെത്തി. സമനില തെറ്റി ജനം അക്രമാസക്തമാകുമോ എന്ന് ഞങ്ങൾ ഭയന്നു. ജനക്കൂട്ടത്തെ നിയന്ത്രിക്കാൻ പൊലീസ് വിയർപ്പെഴുക്കി. ഗാന്ധിജി വെടിയേറ്റു വീണിടം പോലീസ് കയറുകൊണ്ട് കെട്ടിമറച്ചു. അതിനു നടുവിലായി ആരോ ഒരു മെഴുകുതിരി കത്തിച്ചു വെച്ചു.
  അൽപസമയത്തിനു ശേഷം നെഹ്റു മുറിയിൽ നിന്നു പുറത്തേക്കിറങ്ങി. ജനക്കൂട്ടത്തിനിടയിലൂടെ അദ്ദേഹം മുന്നോട്ട് നീങ്ങി. ബിർള ഹൗസിന്റെ കവാടത്തിന് സമീപം, അൽപം ഉയരത്തിലായി നിന്ന അദ്ദേഹം കണ്ണീരിൽ കുതിർന്ന വാക്കുകളിൽ ഗാന്ധിജിയുടെ മരണം സ്ഥിരീകരിച്ചു. 'നമ്മുടെ ജീവിതത്തിലെ പ്രകാശം നമ്മെ വിട്ട് പോയി' എന്ന വരികളിൽ ആരംഭിച്ച പ്രസംഗത്തിനിടെ പലപ്പോഴും നെഹ്റു വിതുമ്പി. മുഖമാകെ നിറഞ്ഞ കണ്ണ് നീർത്തുള്ളികൾ തുടച്ച് നീക്കാൻ അദ്ദേഹം ശ്രമിച്ചില്ല. ഗാന്ധിജിയെ പിറ്റേന്ന് സംസ്കരിക്കുമെന്നും അദ്ദേഹമറിയിച്ചു. സംയമനവും ജാഗ്രതയും പാലിക്കേണ്ട സമയമാണിതെന്ന് അദ്ദേഹം ജനക്കൂട്ടത്തെ സ്നേഹപൂർവ്വം ഓർമ്മിപ്പിച്ചു.
മൃതദേഹം വഹിച്ചുകൊണ്ടുള്ള വിലാപയാത്രയുടെ വിശദാംശങ്ങൾ പങ്കുവെച്ചു. ഗാന്ധിജിക്കായി പ്രാർത്ഥിക്കുമ്പോൾ സത്യത്തിന് വേണ്ടി നിലകൊള്ളുന്ന പ്രതിജ്ഞയെടുക്കണമെന്നും രാജ്യത്തോട് ആഹ്വാനം ചെയ്ത്, ജയ് ഹിന്ദ് എന്ന വാക്കുകളിൽ നെഹ്റു പ്രസംഗം അവസാനിപ്പിച്ചു.
  രാത്രി എട്ടരയ്ക്ക് ഓൾ ഇന്ത്യ റേഡിയോ അതു രാജ്യമാകെ പ്രക്ഷേപണം ചെയതു.
രാത്രി മുഴുവൻ ജനക്കൂട്ടം അവിടെ തമ്പടിച്ചു. പലരും മഹാത്മാ എന്നുറയ്ക്കെ വിളിച്ചുകൊണ്ടിരുന്നു. അനിഷ്ട സംഭവങ്ങൾ ഒഴിവാക്കാൻ വൻ പൊലീസ് സംഘവും സ്ഥലത്തു നിലയുറപ്പിച്ചിരുന്നു. രാത്രിയിൽ ഗാന്ധിജിയുടെ മൃതദേഹം ജനങ്ങൾക്ക് കാണാൻ കഴിയും വിധം ബിർള ഹൗസ് മന്ദിരത്തിൽ പൊതുദർശനത്തിനു വെച്ചു. ആ രാത്രി ഡൽഹി ഉറങ്ങിയില്ല; മദൻ പറഞ്ഞു നിർത്തി.

ദൃക്സാക്ഷിയുടെ തീർഥാടനം

ആ സംഭവത്തിന് ശേഷം ഏതാനും മാസങ്ങൾ മാത്രമേ മദൻ ഓൾ ഇന്ത്യ റേഡിയോയിൽ തുടർന്നുള്ളു. സിവിൽ സർവ്വീസ് പരീക്ഷ പാസായ അദ്ദേഹം പിന്നീട് കേന്ദ്ര സർക്കാർ ഉദ്യോഗസ്ഥനായി. പ്രായത്തിന്റെ അവശതകൾക്കിടയിലും എല്ലാ വർഷവും മദൻ മുടക്കാതെ നടത്തുന്നൊരു തീർഥാടനമുണ്ട്. ഗാന്ധി സ്മൃതി മണ്ഡപമായ ബിർള ഹൗസിലേക്കു ജനുവരി 30 ന് നടത്തുന്ന തീർഥാടനം. ആ ദിവസം, സമൃതി മണ്ഡപത്തിലെ അധികൃതർ മദനു വേണ്ടി ഒരു കസേര ഒഴിച്ചിട്ടിരിക്കും.
  ഇത്തവണയും പോകാനുള്ള ഒരുക്കത്തിലാണ് മദൻ. പരസഹായമില്ലാതെ നടക്കാൻ ബുദ്ധിമുട്ടാണ്. എങ്കിലും പോകണം, അദ്ദേഹം പറയുന്നു. ആ ദിവസം അവിടെ ധ്യാനനിരതനായി ഇരിക്കുമ്പോൾ മദന്റെ കൺമുന്നിൽ തെളിയും; മഹാത്മാവ്.

(സോര്‍സ് : മലയാളമനോരമ സണ്‍‌ഡേ 28 . ജനുവരി . 2018)

Sunday, January 28, 2018

ആധാർ കാർഡും സുരക്ഷിതമല്ല; ഫിംഗർപ്രിന്റും മോഷ്ടിക്കാമെന്നു കണ്ടെത്തൽ


രാജ്യത്തെ എല്ലാ ഡിജിറ്റൽ പണമിടപാടുകളും ആധാറിലേക്കും വിരളടയാളത്തിലേക്കും മാറ്റുമെന്ന് കേന്ദ്രസർക്കാർ പ്രഖ്യാപിച്ചു കഴിഞ്ഞു. എല്ലാ ഇടപാടുകളും ഇനി ഫിംഗർപ്രിന്റ് സ്കാനർ വഴി വെരിഫൈ ചെയ്യും. അധാറിലെ ഫിംഗർപ്രിന്റ് ആണ് വെരിഫൈ ചെയ്യുന്നത്. ഡിജിറ്റൽ പാസ്സ്വാർഡിനേക്കാൾ സുരക്ഷിതമാന്നാണ് ഫിംഗർപ്രിന്റ്‌ അറിയപ്പെടുന്നത്. എന്നാൽ നമ്മുടെ ഫിംഗർപ്രിന്റും മോഷ്ടിക്കാമെന്ന് കണ്ടെത്തിയിരിക്കുന്നു.
എച്ച് ഡി ഫോട്ടോകളിൽ നിന്ന് ആരുടേയും വിരലടയാളം മോഷ്ടിക്കാൻ കഴിയുമെന്ന കണ്ടെത്തലാണ് വലിയൊരു സുരക്ഷാവെല്ലുവിളി വെളിപ്പെടുത്തിയിരിക്കുന്നത്. പാസ്സ്വാർഡുകളെക്കാൾ വിരലടയാളം സുരക്ഷിതമാണെന്ന വിശ്വാസമാണ് ഇതോടെ തകർന്നിരിക്കുന്നത്.
ജപ്പാനിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫോമാറ്റിക്സിലെ ഗവേഷകരാണ് വിരലുയർത്തിപ്പിടിച്ച് ചിത്രങ്ങൾക്ക് പോസ്സ് ചെയ്യുന്ന രാഷ്ട്രീയ നേതാക്കൾക്കും സെലിബ്രിറ്റികൾക്കും മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.
എച്ച് ഡി ഫോട്ടോഗ്രാഫി സ്മാർട്ഫോണുകളിൽ വരെ വ്യാപകമായിരിക്കുന്ന സാഹചര്യത്തിൽ വിരലടയാളം വ്യക്തമാകുന്ന തരത്തിലുള്ള ഒരു ഫോട്ടോയിൽ നിന്നും അടയാളം വേർത്തിരിച്ചെടുക്കുന്നത് പ്രയാസമുള്ള കാര്യമല്ലന്ന് ഗവേഷകർ ചൂണ്ടിക്കാണിക്കുന്നു. ഇത്തരത്തിൽ പുനഃസൃഷ്ടിക്കുന്ന വിരലടയാളങ്ങൾ കുറ്റകൃത്യങ്ങൾക്ക് ഉപയോഗിക്കപ്പെടാം.


രണ്ടുവർഷം മുൻപ് ജർമൻ ഹാക്കറായ ജാൻ ക്രിസ് ലെർ ഇത് സാധ്യമാണെന്ന് സൂചിപ്പിക്കുകയും ഒരു സമ്മേളനത്തിൽ വച്ച് ജർമൻ പ്രതിരോധമന്ത്രിയുടെ വിരലടയാളം പുനഃസൃഷ്ടിക്കുകയും ചെയ്തിരുന്നു. ഇതിനായി ക്രിസ് ലെർ ഉപയോഗിച്ചത് ജർമൻ സർക്കാർ പുറത്തുവിട്ട ചിത്രങ്ങളും, ബാങ്കിങ് പണമിടപാടുകൾക്ക് ഓൺലൈൻ അക്കൗണ്ട് ലോഗിനുകളുമെല്ലാം വിരലടയാളം പാസ്സ്‌വേർഡായി മാറ്റുന്നത് സുരക്ഷിതമാണെന്ന വിശ്വാസം നിലവിലിരിക്കെയാണ് ഇതിന്റെ സുരക്ഷാവെല്ലുവിളിയെ സംബന്ധിച്ച വിവരങ്ങൾ പ്രസക്തമാവുന്നത്.
(സോഴ്സ് : പത്രം ഓൺലൈൻ 27.1.2017)

ബാക്ടീരിയയുടെ പ്രോട്ടീൻ ഘടന കണ്ടെത്തി

ആന്റിബയോട്ടിക്കുകളെ ചെറുക്കുന്ന സൂപ്പർബർഗ് ബാക്ടീരിയയുടെ പ്രോട്ടീൻ ഘടന ശാസ്ത്രജ്ഞർ കണ്ടെത്തി. ചികിൽത്സരംഗത്ത് നിർണ്ണായക വഴിത്തിരിവിന് ...