Sunday, February 4, 2018

മഹാത്മാഗാന്ധിയുടെ അവസാന നിമിശത്തെക്കുറിച്ച് ദൃക്സാക്ഷിയായ 'കെ. ഡി മദൻ'.

മൂന്നാമതും വെടിയുതിർത്ത് നാഥൂറാം വിനായക്റാവു ഗോഡ്സെ നിശ്ചലനായി നിന്നു; മഹാത്മാവ് നിലത്തേക്കു വീണ് പിടഞ്ഞു! 70 വർഷം മുൻപ് തന്റെ കൺമുന്നിൽ കണ്ട കാഴ്ച കെ.ഡി. മദന്റെ മനസ്സിൽ നിന്ന് ഇനിയും മാഞ്ഞിട്ടില്ല.
   തെണ്ണൂറ്റി മൂന്നാം വയസ്സിൽ ഡൽഹി വ സന്ത് വിഹാറിലെ വസതിയിലിരുന്ന് വിറയാർന്ന ശബ്ദത്തിൽ മദൻ പറഞ്ഞു; ആ കാഴ്ച എന്നെ വിട്ടു പോകില്ല. മറക്കാൻ ശ്രമിക്കുന്തോറും മനസ്സിൽ ആഴത്തിൽ പതിയുകയാണത്.
  ഡൽഹിയിലെ ബിർള ഹൗസിൽ രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധി വെടിയേറ്റു വീണതിനു ദൃക്സാക്ഷിയാണ് മദൻ. ആ ദാരുണ സം
ഭവം നേരിൽ കണ്ടവരിൽ ഇന്നു ജീവിച്ചിരിക്കുന്ന അപൂർവ്വം പേരിൽ ഒരാൾ!
കെ.ഡി മദന്‍

ഓർമ്മയിൽ മുഴങ്ങുന്ന വെടിയൊച്ച

ഇന്ത്യയുടെ ചരിത്രത്താളിൽ ചോരയുടെ നിറം കൊണ്ടെഴുതിയ തീയതിയാണ് 1948 ജനുവരി 30. ഗാന്ധിജിയുടെ രക്തസാക്ഷിത്വത്തിന് 70 വയസ്സ് തികയുമ്പോൾ, മദന്റെ കാതകളിൽ ഇന്നും മുഴങ്ങുന്നു; ആ മൂന്ന് വെടിയെച്ച
  ഓൾ ഇന്ത്യ റേഡിയോയിൽ ( ആകാശവാണി ) പ്രോഗ്രാം ചുമതലക്കാരനിയിരുന്നു മദൻ. ബിർള ഹൗസിൽ എല്ലാ വൈകുന്നേരങ്ങളിലുമുള്ള സർവ്വ മത പ്രാർഥനയ്ക്ക് ശേഷം ഗാന്ധിജി നടത്തുന്ന ഹ്രസ്വ പ്രസംഗം റെക്കോർഡ് ചെയ്ത് രാജ്യത്തെക്കേൾപ്പിക്കാൻ എ ഐആർ തീരുമാനിച്ചുപ്പോൾ, അതിന്റെ ചുമതല ഇരുപത്തി മൂന്ന്കാരനായ മദനെത്തേടിയെത്തി.1947 സെപ്റ്റംബറിലാണു റെക്കോർഡിങ് ഉപകരണങ്ങളുമായി മദൻ ആദ്യമായി ബിർള ഹൗസിലെത്തുന്നത്. അന്ന് മുതൽ, ഒരു ദിവസം പോലും മുടക്കാതെ ഗാന്ധിജിയുടെ വാക്കുകൾ അദ്ദേഹം രാജ്യത്തിന്റെ കാതുകളിലെത്തിച്ചു ദിവസവും രാത്രി എട്ടരയ്ക്കായിരുന്നു പ്രക്ഷേപണം.
  1948 ജനുവരി 30, രാത്രി 8.30 അന്ന് ഗാന്ധിജിയുടെ പ്രസംഗമല്ല രാജ്യം കോട്ടത്; പകരം, പ്രധാനമന്ത്രി ജവഹർലാൽ നെഹ്റുവിന്റെ ശബ്ദം കണ്ണീരോടെ രാജ്യം ശ്രവിച്ചു;  'നമ്മുടെ ജീവിതത്തിലെ പ്രകാശം നമ്മെ വിട്ട് പോയി'! ജീവിതത്തിലെ ഏറ്റവും ദുഃഖകരമായ പ്രസംഗം നെഹ്റു നടത്തമ്പോൾ, അതു രാജ്യത്തെ കേൾപ്പിക്കാനുള്ള നിയോഗവും മദനായിരുന്നു.
  രാഷ്ട്രപിതാവിന്റെ അന്ത്യദിനത്തിലെ ഒരോ നിമിഷവും അദ്ദേഹത്തിന്റെയുള്ളിൽ മായാതെയുണ്ട്. മനസ്സിൽ കറുത്ത മഷി കൊണ്ടു കുറിച്ചിട്ട ആ ദിനത്തിലേക്കു മദൻ വീണ്ടും നടന്നു കയറി.

1948 ജനുവരി 30, വെള്ളിയാഴ്ച, ബിർള ഹൗസ്, വൈകിട്ട് നാലര

എന്നും നാലരയോടെയാണു ഞാൻ ബിർള ഹൗസിലെത്തിയിരുന്നത്. അന്നും പതിവ് തെറ്റിച്ചില്ല. സ്ഥാപനത്തിലെ ടെക്നീഷ്യനും ഒപ്പമുണ്ടായിരുന്നു.ഗാന്ധിജി ഇരിക്കുന്ന പീoത്തിനു പിന്നിലായിരുന്നു ഞങ്ങളുടെ സ്ഥാനം. റെക്കോർഡിങ്ങിനുള്ള ഉപകരണങ്ങൾ ഞങ്ങൾ അവിടെ സജ്ജമാക്കി. ഗാന്ധിജി പ്രാർത്ഥനയ്ക്കെത്തുന്നത് അഞ്ചിനാണ്. പ്രാർത്ഥനയിൽ പങ്കുചേരാനുള്ളവർ അവിടേക്ക് എത്തിക്കൊണ്ടിരുന്നു. അന്ന് സമയം അഞ്ചായിട്ടും ഗാന്ധിജിയെ കണ്ടില്ല. യാത്രയുള്ള ദിവസങ്ങളിൽ തലേന്നു തന്നെ ഗാന്ധിജി അടുത്ത് വിളിച്ച് പറയുമായിരുന്നു; നാളെ ഉണ്ടാവില്ല എന്ന്. റെക്കോർഡിങ് ഉപകരണങ്ങളുമായി ദിവസേനയെത്തുന്ന എന്നോടുള്ള കരുതലായിരുന്നു ആ വാക്കുകൾ. അന്ന്, പതിപ് സമയം കഴിഞ്ഞിട്ടും കാണാതായപ്പോൾ, അവിടെയുള്ളവരോട് അന്വേഷിച്ചു. ബിർള ഹൗസിലെ മുറിയിൽ സർദാർ വല്ലഭ്ഭായ് പട്ടേലുമായി അദ്ദേഹം സംഭാഷണത്തിലാണെന്നറിഞ്ഞു.
  സമയം 5.15 : മനു ബെൻ, ആഭഎന്നിവരുടെ തോളിൽ കയ്യിട്ടു ഗാന്ധിജി മുറിയിൽ നിന്നിറങ്ങി. വൈകിയത് കൊണ്ടാകണം, പതിവിലും അല്പം ധൃതിയോടെ അദ്ദേഹം നടന്നു. പ്രാർത്ഥനയ്ക്കെത്തിയവർ അദ്ദേഹത്തിന്റെ പേര് വിളിക്കുന്നത് കേൾക്കാമായിരുന്നു. റെക്കോർഡിങ് ഉപകരണങ്ങൾ ശരിയായി പ്രവർത്തിക്കുന്നുണ്ടോ എന്ന അവസാനവട്ട പരിശോധനയിൽ ഞാൻ മുഴുകി.
  പെട്ടന്നാണ് അത് കേട്ടത്;ചെറു സ്ഫോടനം പോലുള്ള ശബ്ദം. ആരെങ്കിലും പടക്കr പൊട്ടിച്ചതാകാമെന്നു കരുതി ഞാൻ ഗൗനിക്കാതെ ജോലി തുടർന്നു. അടുത്ത നിമിഷം അതു വീണ്ടും കേട്ടു. ഞെട്ടലോടെ തിരിഞ്ഞ് നോക്കിയപ്പോൾ കണ്ട കാഴ്ചയിൽ ഞാൻ വിറങ്ങലിച്ചു നിന്നു. ഗാന്ധിജിയുടെ മുന്നിൽ നിൽക്കുന്നയാൾ മൂന്നാമതും തോക്കിന്റെ കാഞ്ചി വലിച്ചു. വെടിയുണ്ട ഗാന്ധിജിയുടെ നെഞ്ച് തുളച്ചുകയറി.

അപ്പോൾ സമയം: 5.17

മൂന്നാമത്തെ വെടിയേറ്റാണു ഗാന്ധി പിന്നിലേക്ക് വീണത്. പരിസരമാകെ ആക്രോശവും നിലവിളികളുമുയർന്നു. പുകച്ചുരുൾ മൂടിയ തോക്കുമായി നിന്ന നാഥൂറാം ഗോഡ്സെയെ ചിലർ ചേർന്ന് കീഴ്പ്പെടുത്തി. അയാൾ പ്രതിരോധിക്കാൻ ശ്രമിച്ചില്ല. ഗാന്ധിജി വീണിടമാകെ ചേരയിൽ മുങ്ങി. മുടി നീട്ടി വളർത്തിയ ഒരാൾ ഗാന്ധിജിയെ ഒറ്റയ്ക്കു കൈകളിലെടുത്തു ബിർള ഹൗസിലെ മുറിയിലേക്കോടി. പിന്നാലെ നൂറുകണക്കിനാളുകളും.

ബ്രേക്കിങ് ന്യൂസ്; മഹാത്മാവ് ഇനിയില്ല

എന്തു ചെയ്യണമെന്നറിയാതെ ഞാൻ പകച്ചു നിന്നു. വിവരമറിഞ്ഞ് എഐർ ന്യൂസ് വിഭാഗത്തിന്റെ ചുമതലയുള്ള എം.എൽ.ചാവ്ള ഓടിയെത്തി. ഇതെങ്ങെനെ സംഭവിച്ചു എന്ന ചേദ്യവുമായി അദ്ദേഹം എന്റെ നേർക്ക് പാഞ്ഞു. വിവരം റേഡിയോയിലൂടെ രാജ്യത്തെ അറിയിക്കാൻ അദ്ദേഹം നടപടി തുടങ്ങി.
  6.10 ന് ആ ദുഃഖ വാർത്ത രാജ്യത്തിന്റെ കാതുകളിലെത്തി. എന്നാൽ, ഞങ്ങളേക്കാൾ മുൻപ്, ആറു മണിക്ക് ബിബിസി ഗാന്ധിജിയുടെ മരണം ലോകത്തെ അറിയിച്ചുവെന്നു പിന്നീട് അറിഞ്ഞു. ( ബിബിസിയുടെ ഡൽഹി ലേഖകൻ ബോബ് സ്റ്റിംസൺ അന്ന് അവിടെയുണണ്ടായിരുന്നു.)

ഡൽഹി ഉറങ്ങാത്ത രാത്രി

വിവരമറിഞ്ഞെത്തിയ പ്രമുഖരിൽ ആദ്യത്തെയാൾ ഗവർണർ ജനറൽ മൗണ്ട് ബാറ്റൻ ആയിരുന്നു. നെഹ്റു, സർദാർ വല്ലഭ്ഭായ് പട്ടേൽ എന്നിവർ പിന്നാലെയെത്തി. എല്ലാവരും ഗാന്ധിജിയെ കടത്തിയ മുറിയിലേക്കോടി. നിമിഷനേരം കൊണ്ട് ബിർള ഹൗസ് പരിസരം ജനസാഗരമായി. സത്രീകളുൾപ്പടെ കരഞ്ഞുകൊണ്ട് അവിടേക്കെത്തി. സമനില തെറ്റി ജനം അക്രമാസക്തമാകുമോ എന്ന് ഞങ്ങൾ ഭയന്നു. ജനക്കൂട്ടത്തെ നിയന്ത്രിക്കാൻ പൊലീസ് വിയർപ്പെഴുക്കി. ഗാന്ധിജി വെടിയേറ്റു വീണിടം പോലീസ് കയറുകൊണ്ട് കെട്ടിമറച്ചു. അതിനു നടുവിലായി ആരോ ഒരു മെഴുകുതിരി കത്തിച്ചു വെച്ചു.
  അൽപസമയത്തിനു ശേഷം നെഹ്റു മുറിയിൽ നിന്നു പുറത്തേക്കിറങ്ങി. ജനക്കൂട്ടത്തിനിടയിലൂടെ അദ്ദേഹം മുന്നോട്ട് നീങ്ങി. ബിർള ഹൗസിന്റെ കവാടത്തിന് സമീപം, അൽപം ഉയരത്തിലായി നിന്ന അദ്ദേഹം കണ്ണീരിൽ കുതിർന്ന വാക്കുകളിൽ ഗാന്ധിജിയുടെ മരണം സ്ഥിരീകരിച്ചു. 'നമ്മുടെ ജീവിതത്തിലെ പ്രകാശം നമ്മെ വിട്ട് പോയി' എന്ന വരികളിൽ ആരംഭിച്ച പ്രസംഗത്തിനിടെ പലപ്പോഴും നെഹ്റു വിതുമ്പി. മുഖമാകെ നിറഞ്ഞ കണ്ണ് നീർത്തുള്ളികൾ തുടച്ച് നീക്കാൻ അദ്ദേഹം ശ്രമിച്ചില്ല. ഗാന്ധിജിയെ പിറ്റേന്ന് സംസ്കരിക്കുമെന്നും അദ്ദേഹമറിയിച്ചു. സംയമനവും ജാഗ്രതയും പാലിക്കേണ്ട സമയമാണിതെന്ന് അദ്ദേഹം ജനക്കൂട്ടത്തെ സ്നേഹപൂർവ്വം ഓർമ്മിപ്പിച്ചു.
മൃതദേഹം വഹിച്ചുകൊണ്ടുള്ള വിലാപയാത്രയുടെ വിശദാംശങ്ങൾ പങ്കുവെച്ചു. ഗാന്ധിജിക്കായി പ്രാർത്ഥിക്കുമ്പോൾ സത്യത്തിന് വേണ്ടി നിലകൊള്ളുന്ന പ്രതിജ്ഞയെടുക്കണമെന്നും രാജ്യത്തോട് ആഹ്വാനം ചെയ്ത്, ജയ് ഹിന്ദ് എന്ന വാക്കുകളിൽ നെഹ്റു പ്രസംഗം അവസാനിപ്പിച്ചു.
  രാത്രി എട്ടരയ്ക്ക് ഓൾ ഇന്ത്യ റേഡിയോ അതു രാജ്യമാകെ പ്രക്ഷേപണം ചെയതു.
രാത്രി മുഴുവൻ ജനക്കൂട്ടം അവിടെ തമ്പടിച്ചു. പലരും മഹാത്മാ എന്നുറയ്ക്കെ വിളിച്ചുകൊണ്ടിരുന്നു. അനിഷ്ട സംഭവങ്ങൾ ഒഴിവാക്കാൻ വൻ പൊലീസ് സംഘവും സ്ഥലത്തു നിലയുറപ്പിച്ചിരുന്നു. രാത്രിയിൽ ഗാന്ധിജിയുടെ മൃതദേഹം ജനങ്ങൾക്ക് കാണാൻ കഴിയും വിധം ബിർള ഹൗസ് മന്ദിരത്തിൽ പൊതുദർശനത്തിനു വെച്ചു. ആ രാത്രി ഡൽഹി ഉറങ്ങിയില്ല; മദൻ പറഞ്ഞു നിർത്തി.

ദൃക്സാക്ഷിയുടെ തീർഥാടനം

ആ സംഭവത്തിന് ശേഷം ഏതാനും മാസങ്ങൾ മാത്രമേ മദൻ ഓൾ ഇന്ത്യ റേഡിയോയിൽ തുടർന്നുള്ളു. സിവിൽ സർവ്വീസ് പരീക്ഷ പാസായ അദ്ദേഹം പിന്നീട് കേന്ദ്ര സർക്കാർ ഉദ്യോഗസ്ഥനായി. പ്രായത്തിന്റെ അവശതകൾക്കിടയിലും എല്ലാ വർഷവും മദൻ മുടക്കാതെ നടത്തുന്നൊരു തീർഥാടനമുണ്ട്. ഗാന്ധി സ്മൃതി മണ്ഡപമായ ബിർള ഹൗസിലേക്കു ജനുവരി 30 ന് നടത്തുന്ന തീർഥാടനം. ആ ദിവസം, സമൃതി മണ്ഡപത്തിലെ അധികൃതർ മദനു വേണ്ടി ഒരു കസേര ഒഴിച്ചിട്ടിരിക്കും.
  ഇത്തവണയും പോകാനുള്ള ഒരുക്കത്തിലാണ് മദൻ. പരസഹായമില്ലാതെ നടക്കാൻ ബുദ്ധിമുട്ടാണ്. എങ്കിലും പോകണം, അദ്ദേഹം പറയുന്നു. ആ ദിവസം അവിടെ ധ്യാനനിരതനായി ഇരിക്കുമ്പോൾ മദന്റെ കൺമുന്നിൽ തെളിയും; മഹാത്മാവ്.

(സോര്‍സ് : മലയാളമനോരമ സണ്‍‌ഡേ 28 . ജനുവരി . 2018)

No comments:

Post a Comment

ബാക്ടീരിയയുടെ പ്രോട്ടീൻ ഘടന കണ്ടെത്തി

ആന്റിബയോട്ടിക്കുകളെ ചെറുക്കുന്ന സൂപ്പർബർഗ് ബാക്ടീരിയയുടെ പ്രോട്ടീൻ ഘടന ശാസ്ത്രജ്ഞർ കണ്ടെത്തി. ചികിൽത്സരംഗത്ത് നിർണ്ണായക വഴിത്തിരിവിന് ...