Tuesday, January 31, 2017

ചരിത്രത്തിന്റ വിലയറിയാതെ മറയൂർ മുനിയറകൾ നശിപ്പിക്കുമ്പോൾ...


ചരിത്രത്തിന്റ മൂല്യം അറിയുന്നവർക്കെ ചരിത്രസ്മാരകങ്ങൾ സംരക്ഷിക്കാൻ കഴിയൂ. ഇടുക്കി ജില്ലയിൽ മറയൂരിലെ
ശിലായുഗസ്മാരകങ്ങളായ മുനിയറകൾ പൊളിച്ച് നശിപ്പിച്ചെന്ന വാർത്ത വ്യക്തമാക്കുന്നത് മറ്റൊന്നുമല്ല, നമുക്ക് ചരിത്രത്തിന്റ മൂല്യമേ ചരിത്രസ്മാരകങ്ങളുടെ പ്രാധാന്യമോ അറിയില്ല എന്നത് തന്നെ!
ദേശീയസ്മാരകങ്ങളായി സംരക്ഷിക്കാൻ കേരളാ ഹൈക്കോടതി 22 വർഷം മുമ്പ് വിധി പുറപ്പെടുവിപ്പിച്ച ചരിത്രസ്മാരകങ്ങളാണ്, നശിപ്പിച്ച് സ്വന്തം മനസ്സിന്റ വൈകൃതം കാട്ടാൻ ചിലർ ഒരുമ്പെട്ടിരിക്കുന്നത്. ഇത് കോടതിവിധിയുടെ നഗ്നമായ ലംഘനവും കൂടിയാണ്. മറയൂരിൽ മുരുകൻ മലയിലെ അവശേഷിക്കുന്ന മുനിയറകളാണ് സാമൂഹിക വിരുദ്ധർ നശിപ്പിച്ചത്
ഈ സ്മാരകങ്ങൾ കേരളത്തിന്റ പ്രാചീന ചരിത്രത്തെ എങ്ങനെ അടയാളപ്പെടുത്തുന്നു. എന്ന് മനസ്സിലാക്കുമ്പോഴേ, മുനിയറകൾ പൊളിച്ചെടുക്കുന്നവരെ ചെയ്തി എത്ര ഹീനമാണെന്ന് മനസ്സിലാക്കു.
ഇവിടെ നിലനിന്ന ശിലായുഗ സംസ്കാരത്തിന്റെ ശേഷിപ്പുകളാണ് മറയൂർ മുനിയറകൾ. പുരാതന ശിലായുഗത്തിന്റെ അവസാനഘട്ടമായ 'മഹാശിലായുഗ'ത്തിലെ (Megalithic Age) ആളുകളെ മറവുചെയ്ത കല്ലറകളാണ് ഇവയെന്ന് പുരാവസ്തുശാസ്ത്രജ്ഞർ പറയുന്നു. ഇരുമ്പ് കണ്ടുപിടിച്ചവരുടെ ബാക്കിപത്രം.
കേരളത്തിന് ഒരു ശിലായുഗ സംസ്കാരം അവകാശപ്പെടാനില്ലന്ന് ഒരു നൂറ്റാണ്ട് മുൻപ് വാദിച്ച പണ്ഡിതനാണ് റോബർട്ട് ബ്രൂസഫുട്. അത്തരം നിഗമനങ്ങൾ തിരുത്തി എഴുതിയതിൽ മറയൂരിലെ ശിലായുഗ സ്മാരകങ്ങൾക്ക് പ്രധാന പങ്കുണ്ട്.
1974ലാണ് മറയൂർ മുനിയറകളെക്കുറിച്ചും അവിടത്തെ പ്രാചീന ഗുഹാചിത്രങ്ങളെക്കുറിച്ചും ശാസ്ത്രീയപാഠനം നടക്കുന്നത്. പിൽക്കാലത്ത് സംസ്ഥാന സൂപ്രണ്ടിങ് അർക്കിയോളജിസ്റ്റായി വിരമിച്ച ഡോ. എസ്. പത്മനാഭൻ തമ്പിയായിരുന്നു അതിന് പിന്നിൽ. ആ പഠനം കേരളചരിത്രത്തെ 1500 വർഷം പിന്നോട്ട് കൊണ്ടുപോയതായി, ഒരിക്കൽ അഭിമുഖത്തിൽ അഭിപ്രായപ്പെട്ടിരുന്നു.

മറയൂരിലെ മുനിയറകൾ 2006ലെ ചിത്രം



മറയൂരിലെ മുനിയറകൾ എ.ഡി 200നും ബി. സി 1000നും ഇടയിൽ ആ താഴ്വാരയിൽ നിലനിന്നിരുന്ന മനുഷ്യസംസ്കാരത്തിന്റെ തെളിവുകളാണെന്നാണ് ഡോ.പത്മനാഭൻ തമ്പി എത്തിയ നിഗമനം. ആ പഠനത്തിന്റെ അടിസ്ഥാനത്തിൽ 1976ൽ സംസ്ഥാന പുരാവസ്തു വകുപ്പ് മുനിയറകളെ സംരക്ഷിതസ്മാരകങ്ങളായി പ്രഖ്യാപിച്ചു.
സംരക്ഷിത സ്മാരകങ്ങൾക്ക് ലഭിക്കുന്ന സംരക്ഷണത്തിന്റെ യഥാർഥ സ്വഭാവം മുരുകൻ മലയിൽ നശിപ്പിച്ച മുനിയറയുടെ ദൃശ്യം നമുക്ക് വ്യക്തമാക്കി തരുന്നു. ഒരർത്ഥത്തിൽ ഈ അമൂല്യസ്മാരകങ്ങൾ പലവിധത്തിൽ ഇത്രകാലവും പൊളിച്ചെടുക്കുക തന്നെയായിരുന്നു. പതിറ്റാണ്ടുകൾക്ക് മുൻപ് നൂറുകണക്കിന് മുനിയറകൾ മറയൂരിലുണ്ടായിരുന്നത്, വിരലിലെണ്ണാവുന്ന അത്രയുമായി ചുരുങ്ങിയത് അതിന് തെളിവാണ്. വീടുവെക്കാനും മതിലുകെട്ടാനുമൊക്കെ മുനിയറകൾ വ്യാപകമായി പൊളിച്ചു കൊണ്ടുപോയിട്ടുണ്ട്.
ഇതൊന്നും കൂടാതെ, പാമ്പാറിൻ തീരത്ത് മുനിയറകൾ സ്ഥിതിചെയ്യുന്ന ആനപ്പാറ ഖനനം ചെയ്യാനും നീക്കംനടന്നു. 1990കളുടെ ആദ്യപാകുതിയിലായിരുന്നു അത്. അന്നത്തെ പ്രബലനായ ഒരു സംസ്ഥാന മന്ത്രിയുടെ ബിനാമിയെന്ന് ആരോപിക്കപ്പെട്ട കമ്പനിയാണ് പാറപൊട്ടിക്കാൻ തുടങ്ങിയത്.

കഴിഞ്ഞ ദിവസം സാമൂഹിക വിരുദ്ധർ നശിപ്പിച്ച മുനിയറ


അത് വർത്തയായപ്പോൾ കൊച്ചിയിലെ നിയമവേദി മുനിയറകൾ സംരക്ഷിക്കാൻ കേരളാ ഹൈക്കോടതിയെ സമീപിച്ചു. കേസ് പരിഗണിച്ച സിംഗിൾ ബെഞ്ച് പത്ത് വർഷത്തേക്ക് ഖനനത്തിന് അനുമതി നല്കിയില്ലങ്കിലും, അപ്പീൽ പരിഗണിച്ച ജസ്റ്റിസ് കെ.ടി തോമസും ജസ്റ്റിസ് പി.ഷണ്മുഖവുമടങ്ങിയ ഡിവിഷൻ ബെഞ്ച്, 1995 നവംബർ ആദ്യവാരം ഖനനം നിരോധിച്ചുകൊണ്ട് വിധി പ്രസ്താവിച്ചു. ഗ്രാനൈറ്റ് ഖനനം പാടില്ലെന്ന് മാത്രമല്ല, മറയൂരിലെ പ്രാചീന സ്മാരകങ്ങളെ ദേശീയ സ്മാരകമായി പ്രഖ്യാപിച്ച് സംരക്ഷിക്കാൻ കേന്ദ്രസർക്കാറിനോട് കോടതി ആവശ്യപ്പെടുകയും ചെയ്തു.
സംസ്ഥാന പുരാവസ്തു വകുപ്പിന്റെ പ്രഖ്യാപനവുമുണ്ടായിട്ടും, ഹൈക്കോടതിയുടെ വിധി വന്നിട്ടും മറയൂരിലെ സ്മാരകങ്ങൾ സംരക്ഷിക്കപ്പെട്ടില്ല എന്ന ഖേദകരമായ വസ്തുതക്ക് തെളിവാണ് മുനിയറകൾ നേരിട്ട ദുർവിധി. ആരും നോക്കാനോ സംരക്ഷിക്കാനോ ഇല്ലാതെ വിട്ടാൽ അത് ഏത് സ്മാരകത്തിനും ഇതൊക്കെ തന്നെ സംഭവിക്കും എന്നതാണ് വാസ്തവം.
(സോഴ്സ് : മാതൃഭൂമി 24.1.2017)

No comments:

Post a Comment

ബാക്ടീരിയയുടെ പ്രോട്ടീൻ ഘടന കണ്ടെത്തി

ആന്റിബയോട്ടിക്കുകളെ ചെറുക്കുന്ന സൂപ്പർബർഗ് ബാക്ടീരിയയുടെ പ്രോട്ടീൻ ഘടന ശാസ്ത്രജ്ഞർ കണ്ടെത്തി. ചികിൽത്സരംഗത്ത് നിർണ്ണായക വഴിത്തിരിവിന് ...