Saturday, June 4, 2016

അപൂർവ്വ 'ഐൻസ്റ്റീൻ വലയം' കണ്ടെത്തി ഗവേഷകർ


യഥാർത്ഥത്തിൽ ഭൂമിയിൽ നിന്ന് നിരീക്ഷിക്കുമ്പോഴുണ്ടാകുന്ന മായക്കാഴ്ച്ച മാത്രമാണ് 'ഐൻസ്റ്റീൻ വലയം'. അടുത്തുള്ള ഗാലക്സിയുടെ ഗുരുത്വമണ്ഡലം അകലെ നിന്നുള്ള ഗാലക്സിയുടെ പ്രകാശത്തെ വക്രീകരിക്കുന്നത് കൊണ്ടുണ്ടാകുന്ന തോന്നൽ.
         രണ്ട് ഗാലക്സികൾ ഒരെണ്ണം 1000 കോടി പ്രകാശവർഷമകലെ, അടുത്തത് 600 കോടി പ്രകാശവർഷം അകലെയും. ഇവ രണ്ടും ഭൂമിയെ അപേക്ഷിച്ച് സവിശേഷസ്ഥാനങ്ങളിൽ എത്തിയപ്പോൾ അപൂർവ്വമായ ഒരു ആകാശദൃശ്യം പ്രത്യക്ഷപ്പെട്ടു-'ഐൻസ്റ്റീൻ വലയം' ( Einstein ring ).
      രണ്ട് ഗാലക്സികളും കുറ്റമറ്റ നിലയ്ക്ക് അനുക്രമമായി വിന്യാസിക്കപ്പെട്ടപ്പോൾ,അകലെയുള്ള ഗാലക്സിയിൽ നിന്നുള്ള പ്രകാശം രണ്ടാമത്തെ ഗാലക്സിയുടെ ഗുരുത്വബലത്തിന്റെ സ്വാധീനത്താൽ വക്രീകരിക്കപ്പെടുന്നത്.
       അതിന്റെ ഫലമായി ഭൂമിയിൽ നിന്ന് നോക്കുമ്പോൾ അകലെയുള്ള ഗാലക്സി ഒരു വലയം പോലെ കാണപ്പെടുന്നു.
       ഇത്രകാലവും ഗവേഷകർ നിരീക്ഷിച്ചതിൽ ഏറ്റവും കുറ്റമറ്റ ഐൻസ്റ്റീൻ വലിയമാണ് ഇപ്പോൾ കണ്ടെത്തിയതെന്ന് റിപ്പോർട്ടുകൾ പറയുന്നത്.
       കാനാറി ദ്വീപുകളിലെ 'ഇൻസ്റ്റിട്യൂട്ടോ ഡി ആസ്‌ട്രോഫിസിക്കോ ഡി കാനറീസി' ലെ ( IAC ) ഗവേഷക മാർഗരിത ബറ്റിനെല്ലിയും സംഘവും യാദൃശ്ചികമായാണ് ഈ വലയം കണ്ടെത്തിയത്.ചിലിയിലെ 'ബ്ലാൻകോ ടെലിസ്കോപ്പി'ലെ 'ഡാർക്ക് എനർജി ക്യാമറ' ഉപയോഗിച്ച് നിരീക്ഷണം നടത്തുമ്പോഴായിരുന്നു അത്.

നൂറുവർഷം മുമ്പ് പ്രവജിക്കപ്പെട്ടത്


ഒരു നൂറ്റാണ്ട് മുമ്പ് ആൽബർട്ട് ഐൻസ്റ്റീൻ അവതരിപ്പിച്ച'സാമാന്യആപേക്ഷികതാ സിദ്ധാന്തത്തിൽ 'ഗ്രാവിറ്റേഷണൽ ലെൻസിങ്' (gravitational lensing) എന്നൊരു പ്രതിഭാസത്തെക്കുറിച്ച് പറയുന്നുണ്ട്. ആ പ്രതിഭാസത്തിന്റെ ഫലമാണ് 'ഐൻസ്റ്റീൻ വലയം' പ്രത്യക്ഷപ്പെടുക.
ആൽബർട്ട് ഐൻസ്റ്റീൻ
വലിയ ദ്രവ്യമാനമുള്ള വസ്തുക്കൾ അവക്കരികിലെ സ്ഥലകാലങ്ങളെ ( space time ) വക്രീകരിക്കുമെന്ന് സാമാന്യഅപേക്ഷികതാ സിദ്ധാന്തം പറയുന്നു. അതിനാൽ അത്തരം വസ്തുക്കൾക്കരികിലൂടെ കടന്നുവരുമ്പോൾ, സ്ഥലകാലത്തിന്റെ വക്രത മൂലം പ്രകാശകിരണങ്ങൾക്ക് ദിശാവ്യതിയാനം സംഭവിക്കും.
      ഗാലക്സികളുടെയും മറ്റും അതിഭീമ ഗുരുത്വമണ്ഡലം പ്രകാശകിരങ്ങളുടെ ദിശാവ്യതിയാനം വർദ്ധിപ്പിക്കുന്നു. അതിനാൽ അത്തരം ഗുരുത്വമണ്ഡലം ഒരു പ്രാപഞ്ചിക ലെൻസ് പോലെ പ്രവർത്തിക്കും. ' ഗ്രേവിറ്റേഷണൽ ലെൻസിങ് ' പ്രതിഭാസം ഇങ്ങനെയാണുണ്ടാകുന്നത്.
       രണ്ട് ഗാലക്സികൾ അനുക്രമമായി വിന്യാസിക്കപ്പെട്ടതാണെങ്കിൽ,ഭൂമിയിൽ നിന്നുള്ള നിരീക്ഷണത്തിൽ അകലെയുള്ള ഗാലക്സി ശരിക്കുമൊരു വലയമായി കാണപ്പെടും. വക്രീകരിക്കപ്പെടുന്ന പ്രകാശത്തിന്റെ ഉറവിടം എന്ന നിലയ്ക്ക് ( source ) എന്നാണ് അകലെയുള്ള ഗാലക്സി അറിയപ്പെടുന്നത്.
   
      മായക്കാഴ്ച്ച

(കാനറിയൻസ് ' ഐൻസ്റ്റീൻ റിങിന്‍റെ ഒരു ദ്രശ്യം)

യഥാർത്ഥത്തിൽ ഭൂമിയിൽ നിന്ന് നിരീക്ഷിക്കുമ്പോഴുണ്ടാകുന്ന മായക്കാഴ്ച മാത്രമാണ് ' ഐൻസ്റ്റീൻ വലയം ' അടുത്തുള്ള ഗാലക്സിയുടെ ഗുരുത്വമണ്ഡലം അകലെ നിന്നുള്ള ഗാലക്സിയുടെ പ്രകാശത്തെ വക്രീകരിക്കുന്നത് കൊണ്ടുണ്ടാകുന്ന തോന്നൽ.
     കാനറിയൻസ് ' ഐൻസ്റ്റീൻ റിങ് ' (canarias Einstein ring) എന്നാണ് ബറ്റിനെല്ലിയും സംഘവും കണ്ടെത്തിയ ഐൻസ്റ്റീൻ വലയത്തിന് നൽകിയ പേര്. പ്രതിസാമ്യതയുടെ ( summetry ) കാര്യത്തിൽ, ഇതുവരെ കണ്ടെത്തിയതിൽ ഏറ്റവും കുറ്റമറ്റ 'ഐൻസ്റ്റീൻ വലയ'മാണ് ഇതെന്ന് ഗവേഷകർ പറയുന്നു.
      'സോഴ്സ്' ആയ ഗാലക്സി നമ്മളിൽ നിന്ന് ആയിരം കോടി പ്രകാശവർഷമകലെ ആണെങ്കിലും (ഒരു പ്രകാശവർഷം = പ്രകാശം ഒരു വർഷം സഞ്ചരിക്കുന്ന ദൂരം. ഇത് ഏതാണ്ട് 9 ലക്ഷം കോടി കിലോമീറ്റർ വരും),പ്രപഞ്ചാവികാസത്തിന്റെ തോത് വെച്ച് നോക്കുമ്പോൾ അവിടന്ന് പ്രകാശത്തിന് ഇവിടെയെത്താൻ 850 കോടി വർഷം മതി.
      കുറ്റമറ്റ ഒരു 'ഐൻസ്റ്റീൻ വലയം' നിരീക്ഷിച്ചതിൽ അവസാനിക്കുന്നില്ല 'കാനറിയാൻസ് വല'യത്തിന്റെ കണ്ടെത്തലിന്റെ പ്രസക്തി. സോഴ്സ് ഗാലക്സിയുടെ രാസഘടനയും,ഗ്രേവിറ്റേഷണൽ ലെൻസായി പ്രവർത്തിക്കുന്ന ഗാലക്സിയുടെ ഗുരുത്വമണ്ഡലവും. അതിലെ തമോദ്രവ്യവും ഒക്കെ പഠിക്കാൻ ഇത് അവസരം നൽകുന്നതായി,പഠനസംഘത്തിന് നേതൃത്വം നൽകിയ ആന്റോണിയ അപാരിസിയോ പറയുന്നു.
     പുതിയ ലക്കം 'മന്ത്ലി നോട്ടീസസ് ഓഫ് ദി റോയൽ ആസ്‌ട്രോണമിക്കൽ സൊസൈറ്റി'യിലാണ് പഠനറിപ്പോർട്ട് പ്രസിദ്ധീകരിച്ചത്.
(sourse : june .2. 2016  tech mathrbhoomi)



      

No comments:

Post a Comment

ബാക്ടീരിയയുടെ പ്രോട്ടീൻ ഘടന കണ്ടെത്തി

ആന്റിബയോട്ടിക്കുകളെ ചെറുക്കുന്ന സൂപ്പർബർഗ് ബാക്ടീരിയയുടെ പ്രോട്ടീൻ ഘടന ശാസ്ത്രജ്ഞർ കണ്ടെത്തി. ചികിൽത്സരംഗത്ത് നിർണ്ണായക വഴിത്തിരിവിന് ...